X

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചെയ്തത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം, പിടിക്കപ്പെട്ടത് ആദ്യശ്രമത്തിനിടയില്‍

മലപ്പുറം: ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് സ്വദേശി ഷഹല(19) പോലീസ് പിടിയിലാവുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ഉള്‍വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് വിമാനത്തില്‍ കടത്തിയ ഒരുകോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട്ടുകാരിയായ 19 കാരിയാണ് ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷഹല ഇറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഷഹല പുറത്തിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് യുവതി സ്വര്‍ണവുമായി എത്തിയതെന്ന രഹസ്യ വിവരം പൊലീസിന് ലഭിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്ന ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും ഇവര്‍ സമ്മതിച്ചില്ല. സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞതോടെ പൊലീസ് ദേഹപരിശോധന നടത്താന്‍ തീരുമാനിച്ചു. ദേഹപരിശോധന നടത്തിയപ്പോള്‍ ഉള്‍വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി 1.8 കിലോ സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് കസ്റ്റംസിനെ വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

വിമാനത്താവളങ്ങളില്‍ പൊലീസും കസ്റ്റസും പരിശോധന ശക്തമാക്കിയതോടെ സ്ത്രീകളെ കാരിയര്‍മാരാക്കിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം 22നും കരിപ്പൂരില്‍ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരില്‍ നിന്നും ഒരു കോടിയോളം രൂപയുടെ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലന്‍ നവാസില്‍ നിന്നും 1056 ഗ്രാം സ്വര്‍ണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസാറില്‍ നിന്നും 1060 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്.

webdesk14: