ജാര്‍ഖണ്ഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അനുയായികളില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 19 കോടി പിടിച്ചെടുത്തു. പൂജ സിംഗാളിന്റെ സഹായികളില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പദ്ധതിയുടെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
വെള്ളിയാഴ്ച പൂജ സിംഗാളിന്റെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലും വ്യക്തികളെയും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു. 19.31 കോടിയാണ് പൂജ സിംഗിന്റെ അനുയായികളില്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ 17 കോടി പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുമന്‍ കുമാറിന്റെ വസതിയില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, മറ്റൊരിടത്ത് നിന്ന് 1.8 കോടി രൂപയും കണ്ടെടുത്തു.
പരിശോധനയ്ക്കിടെ ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ നിന്ന് കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ജാര്‍ഖണ്ഡ് മൈനിംഗ് ആന്‍ഡ് ജിയോളജി സെക്രട്ടറിയാണ് പൂജ സിംഗാള്‍. വെള്ളിയാഴ്ച കണ്ടെടുത്ത പണം എണ്ണാന്‍ മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 2000, 500, 200, 100 രൂപ നോട്ടുകള്‍ കെട്ടുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. കുന്തിയിലെ സെക്ഷന്‍ ഓഫീസറും ജൂനിയര്‍ എഞ്ചിനീയറുമായ രാം ബിനോദ് പ്രസാദ് സിന്‍ഹയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ജാര്‍ഖണ്ഡ് വിജിലന്‍സ് ബ്യൂറോ ഇയാള്‍ക്കെതിരെ 16 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2007-2008 കാലഘട്ടത്തില്‍ എംജിഎന്‍ആര്‍ഇജിഎ ഫണ്ടില്‍ 18 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് രാം സിന്‍ഹക്കെതിരെയുള്ള ആരോപണം.