ഫോട്ടോസ്റ്റോറി
സി.കെ തന്‍സീര്‍
കേരളത്തിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് കാളപൂട്ട്. മബാറില്‍ കാളപൂട്ട് മത്സരം വലിയ ആവേശമുള്ള കായിക വിനോദം കൂടിയാണ്. ഉഴുതുമറിച്ച വലുകളില്‍ ചേറുമണ്ണ് തെറുപ്പിച്ച് കുതിരവേഗത്തില്‍ പായുന്ന കാളകളാണ് കാളപൂട്ടിന്റെ ആരവം തീര്‍ക്കുന്നത്.
അന്‍പതിലധികം ജോഡി കന്നുകളാണ് പലയിടത്തും മത്സരത്തിനായി എത്താറുള്ളത്. മിനുക്കിയൊരുക്കിയ കന്നുകൂറ്റന്മാരുടെ തിരക്കാവും അവിടെ. കന്നുകളുടെ നിറങ്ങള്‍ക്കനുസരിച്ച് പുല്ല, മൈലന്‍, കണ്ണപ്പന്‍, മൊകാല, അരക്കന്‍, പാണ്ടന്‍, കരിമ്പന്‍, ചുണങ്ങന്‍ തുടങ്ങി പല പേരുകളാണ് കന്നുകള്‍ക്ക്. കാളപ്പൂട്ടിന് ഉപയോഗിക്കുന്ന മൂരികളെ അതിനുവേണ്ടി മാത്രം പാകപ്പെടുത്തിയെടുക്കുന്നതാണ്. ദിവസവുമുള്ള കുളി, പ്രത്യേകരീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണരീതിയാണ് ഇവര്‍ക്ക്.
കാളപ്പൂട്ടിനും ഊര്‍ച്ചത്തെളിക്കുമായി ഉപയോഗിക്കുന്ന മികച്ച മൂരിയെ പാകപ്പെടുത്തിയെടുക്കാന്‍ എട്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. ആഴം കൂടുതലില്ലാത്ത ചതുരാകൃതിയിലുള്ള മണല്‍പ്പരപ്പുള്ള കണ്ടമാണ് കാളപ്പൂട്ടിനും ഊര്‍ച്ചത്തെളിക്കുമായി ഉപയോഗിക്കാറുള്ളത്. തെളിക്കാരന്റെ വലതുവശത്ത് കാളയും ഇടതുവശത്ത് മൂരിയെയുമാണ് കെട്ടുക.
കാളക്കും മൂരിക്കും കഴുത്തിന് നുകം കെട്ടിയതിന് പിന്നിലുള്ള അധികം വീതിയില്ലാത്ത മുട്ടിയില്‍ നിന്ന് ഒരു തെളിക്കാരന്‍ മാത്രമാണ് മൃഗങ്ങളെ നിയന്ത്രിക്കുക. കൂരി, കാഞ്ഞിരം, കാസാവ്, എരഞ്ഞിക്കൊമ്പ് എന്നിവയുടെ വടികളും കാട്ടിലെ ചിലയിനം കുറ്റിച്ചെടികളുടെ തണ്ടുമാണ് കന്നുകളുടെ വേഗത കൂട്ടുന്നതിന് പൂട്ടുകാര്‍ ഉപയോഗിക്കുക. ഏറ്റവും നല്ല മുന്‍കയറ്റുകാരനും പൂട്ടിക്കാരനും അയ്യായിരം മുതല്‍ മുപ്പതിനായിരത്തോളം വിലകള്‍ വരുന്ന ട്രോഫികളാണ് നല്‍കുന്നത്.
ഏറ്റവും കൂടുതല്‍ വേഗതയുള്ള കാളക്കാണ് സമ്മാനം ലഭിക്കുക. കാളകള്‍ക്ക് വേഗത കൂട്ടാന്‍ ചിലര്‍ കാളപൂട്ട് നേരത്ത് അടിക്കുകയും വാലിനു കടിക്കുകയുമെല്ലാം ചെയ്യാറുണ്ട്. കാളപൂട്ടിന്റെ ആവേശത്തിനിടക്കും മനസ്സുലക്കുന്ന ചില കാഴ്ചകളും കാണാറുണ്ട്. കണ്ണില്‍ നിന്നും വെള്ളമൊലിക്കുന്ന ഒരു കന്ന് ക്യാമറക്കണ്ണില്‍ പതിഞ്ഞപ്പോള്‍ ഉള്ളുലഞ്ഞു. എല്ലാ ആവേശക്കാഴ്ചകള്‍ക്ക് പിന്നിലും ചില സങ്കടങ്ങളുടെ നിഴലുകള്‍ ബാക്കിയുണ്ടാവുമല്ലോ.
കോഴിക്കോട് പെരുമണ്ണ അറത്തില്‍ പറമ്പില്‍ മുല്ലമണ്ണ കോയസ്സന്‍ സാഹിബ് മെമ്മോറിയല്‍ കാളപൂട്ട് കണ്ടത്തില്‍ നടന്ന മല്‍സരത്തില്‍ നിന്ന് ചന്ദ്രിക കോഴിക്കോട് ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ പകര്‍ത്തിയത്.