റസാഖ് ഒരുമനയൂര്‍
അബുദാബി: 17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പുരസ്‌കാര ദാനവും നടക്കും. പ്രവാസികള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും വിലപ്പെട്ട പുരസ്‌കാരം എന്ന നിലക്ക് പുരസ്‌കാര പട്ടികയില്‍ ഇടംനേടാന്‍ വിവിധ വിദേശരാജ്യങ്ങളിലുള്ള പ്രവാസികള്‍ തീവ്രശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യസേവനരംഗത്തുള്ളവര്‍ മുതല്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതര്‍വരെ പുരസ്‌കാരംസ്വപ്നംകണ്ടു കഴിയുന്നുണ്ട്.
വിവിധ മേഖലകളില്‍ സേവനം ചെയ്ത പ്രവാസികളെയാണ് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി ആദരിക്കുന്നത്. 2003ല്‍ ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ കഴിഞ്ഞ16 സമ്മേളനങ്ങളിലായി ഇതുവരെ 269 പേരെ പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
അതേസമയം വന്‍തുക മുടക്കി നടക്കുന്ന പ്രവാസി ഭാരതി ദിവസ് കൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് യാതൊരുവിധ പ്രയോജനവുമില്ലെന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവരും തൊഴില്‍പരമായും മറ്റും പ്രയാസമനുഭവിക്കുന്നവരുമായ ആയിരക്കണക്കിനുപേര്‍ വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കിലും അത്തരക്കാരെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും കേന്ദ്രസര്‍ക്കാര്‍ തലങ്ങളില്‍ നടക്കുന്നില്ലെന്നതാണ് പ്രധാന പരാതി.
കാലങ്ങളായി നിലനില്‍ക്കുന്ന അമിതമായ വിമാനടിക്കറ്റ് നിരക്കിനെക്കുറിച്ച് പ്രവാസികള്‍ നിരന്തരം പരാതികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല.