കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കക്കോടി സ്വദേശിനി സജ്നയുടെ ഇടതുകാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ തുടര്‍ ചികിത്സക്കായി ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് സംഭവത്തിന് ആസ്പദമായ വാര്‍ത്ത പുറത്ത് വരുന്നത്. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് നാഷണല്‍ ആശുപത്രിയിലാണ് സംഭവം. പിഴവ് പറ്റിയത് ഡോക്ടര്‍ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോള്‍ മാത്രമാണ്. തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി കൂടിയായ ഡോ. ബഹിര്‍ഷാന്‍ ആണ് ഇത്തരമൊരു ഗുരുതര പിഴവ് വരുത്തിയത്. വാതിലിനിടയില്‍ കുടുങ്ങി ഇടത് കാലിന് പരിക്കേറ്റ കോഴിക്കോട് കക്കോടി സ്വദേശിനി സജ്‌ന(60)ക്ക് വേദന കൂടിയതോടെയാണ് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഒരു വര്‍ഷത്തിലധികമായി സജ്‌നയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്.
അതേസമയം വനിതയുടെ കാല്‍ സര്‍ജറിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകളില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നോ ഡോ.ബഹിര്‍ഷാന്റെ ഭാഗത്ത് നിന്നോ ഒരു അശ്രദ്ധയും അപാകതയും ഉണ്ടായിട്ടില്ലെന്ന് നാഷനല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. കെ.എം ആശിഖ്. സജ്‌ന ഇരുകാലിന്റെയും പരിക്കിനാണ് ചികിത്സ തേടിയത്. വലത് കാല്‍ പരിശോധിച്ചപ്പോള്‍ പരിക്കുള്ളതായി രോഗിയേയും ഭര്‍ത്താവിനേയും അറിയിച്ചിരുന്നു. ഫെബ്രുവരി 21ന് നടന്ന ഓപറേഷനില്‍ വലതുകാലിന് ശസ്ത്രക്രിയ നടത്തുന്നതിന് സമ്മതപത്രം നല്‍കിയതായും ആശിഖ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.