കേള്‍വി, സംസാര രംഗത്ത് പ്രയാസപ്പെടുന്നവരെ കൈപിടിച്ച് കൊണ്ട് വരുന്നതിന് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട ബിരുദ കോഴ്‌സാണ് ബിഎഎസ്എല്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി. ഈ കോഴ്‌സ് ഫലപ്രദമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആശുപത്രികളിലെ ഇഎന്‍ടി, പീഡിയാട്രിക്‌സ്, ന്യൂറോളജി, റീഹാബിലിറ്റേഷന്‍ സെന്റര്‍, പ്ലാസ്റ്റിക് സര്‍ജറി, പ്രിവന്റീവ് മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍, സ്പീച് ആന്‍ഡ് ഹിയറിങ് സെന്റര്‍, ശ്രവണ സഹായ ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖല, സെറിബല്‍ പാള്‍സി, ശ്രവണ സംസാര പരിമിതി എന്നിവയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍, ചൈല്‍ഡ് ഗൈഡന്‍സ് സെന്റര്‍, റിസര്‍ച്ച് സെന്റര്‍ എന്നവിടങ്ങളില്‍ തൊഴില്‍ സാധ്യതകളുണ്ട്.
വിദേശ രാജ്യങ്ങളിലുമവസരങ്ങളുണ്ട്. മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറാനും ക്ഷമാപൂര്‍വം ഇടപെട്ട് പ്രശ്‌നപരിഹാരം സാധ്യമാകാനുമുള്ള മനോഭാവം വച്ചു പുലര്‍ത്തുന്നവര്‍ക്ക് പഠിച്ചുയരാനനുയോജ്യമായ ശ്രദ്ധേയമായ ഒരു കരിയര്‍ മേഖലയാണിത്. തുടര്‍പഠനം പൂര്‍ത്തിയാക്കി അധ്യാപന മേഖലയും പരിഗണിക്കാം.
കേരളാ ആരോഗ്യ സര്‍വകലാശാലക്ക് കീഴിലുള്ള സ്ഥാപനങ്ങളടക്കം രാജ്യത്തെമ്പാടുമായി നിരവധി കേന്ദ്രങ്ങളില്‍ ഓഡിയോളജിയില്‍ ബിരുദ പഠനവസരങ്ങളുണ്ട്. +2 പൂര്‍ത്തിയാക്കിയവര്‍ക്ക് ബിഎഎസ്എല്‍പി കോഴ്‌സിന് പ്രവേശനം നേടാവുന്ന ദേശീയ തലത്തില്‍ ശ്രദ്ധേയമായ രണ്ട് സ്ഥാപനങ്ങളെ പരിചയപ്പെടാം. രണ്ടിടത്തേക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്ലസ്ടു തലത്തില്‍ ബയോളജി പഠിക്കാത്തവര്‍ക്കും മിക്ക സ്ഥാപനങ്ങളിലും ഈ കോഴ്‌സിന് പ്രവേശനം നേടാമെന്ന സവിശേഷതയുണ്ട്.
ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ മൈസൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഓഡിയോളജി പഠന മേഖലയില്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും മികവുറ്റ സ്ഥാപനമായാണ് പരിഗണിക്കപ്പെടുന്നത്. ബിഎഎസ്എല്‍പി പ്രോഗ്രാമുകള്‍ക്ക് പുറമെ ഡിപ്ലോമ, ബിരുദ, ബിരുദാന്തര, ഗവേഷണ തലങ്ങളിലായി മറ്റു പഠനാവസരങ്ങളുമുണ്ട്.
അകകടഒ നടത്തുന്ന ശ്രദ്ധേയമായ ബിരുദ പ്രോഗ്രാമായ ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിക്ക് 6 സെമസ്റ്റര്‍ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും അടക്കം 4 വര്‍ഷമാണ് ദൈര്‍ഘ്യമുള്ളത് ആകെ 80 സീറ്റുകളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയോടൊപ്പം ബയോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും പഠിച്ചവര്‍ക്കപേക്ഷിക്കാം. ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് അടിസ്ഥാനത്തിലാണ് പ്രവേശനം.
പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിമാസം 800 രൂപ നിരക്കില്‍ (വര്‍ഷത്തില്‍ 10 മാസം) ഇന്റേണ്‍ഷിപ് കാലഘട്ടത്തില്‍ 5000 രൂപ നിരക്കിലും സ്‌റ്റൈപ്പന്റ് ലഭിക്കുന്നതാണ്. 13,000 രൂപക്കടുത്ത് പ്രതിവര്‍ഷ ഫീസ് ഉണ്ടാവും. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജി മാത്തമാറ്റിക്‌സ് എന്നിവ ഏതെങ്കിലുമൊന്നോ ഉള്‍പ്പെടെ എന്‍ട്രന്‍സ് പരീക്ഷ എഴുതണം.
കോഴിക്കോട്, തൃശൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളു ണ്ട്. www.aiishmysore.in എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ഇന്ത്യക്ക് പുറത്ത് പ്ലസ്ടു പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ ബാധകമല്ലെങ്കിലും അവരും ഇപ്പോഴപേക്ഷിക്കണം. അവര്‍ക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക.
അലി യാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലി യാവര്‍ ജംഗ് നാഷണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡിസേബിലിറ്റീസ് ശ്രദ്ധേയമായ സ്ഥാപനമാണ്. മുംബൈ, സെക്കന്ദ്രാബാദ്, കൊല്‍ക്കത്ത, നോയ്ഡ, എന്നീ കേന്ദ്രങ്ങളില്‍ ബിഎഎസ്എല്‍പി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. നോയ്ഡ ഒഴികെയുള്ള കേന്ദ്രങ്ങളിലെ പ്രവേശനത്തിന് അഖിലേന്ത്യാ തല എന്‍ട്രന്‍സ് പരീക്ഷയുണ്ട്.
തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 16,500 രൂപയോളം വാര്‍ഷിക ഫീസ് വരും. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും മാത്തമാറ്റിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, തുടങ്ങിയ വിഷയങ്ങളിലേതെങ്കിലുമൊന്നോ പഠിച്ച് പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.https://www.ayjnihh.nic.in/ എന്ന വെബ്‌സൈറ്റ്‌വഴി ജൂണ്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രതിവര്‍ഷം ഇരുപത്തിനായിരം രൂപയോളം പഠന ഫീസ് വരും.