X

മരടിലെ ഫ്‌ളാറ്റുകള്‍; ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന്‍

ന്യൂഡല്‍ഹി: അനധികൃതമെന്ന് കണ്ടെത്തി പൊളിച്ചുനീക്കിയ മരടിലെ ഫഌറ്റുകളുടെ നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തുന്നതിന് സുപ്രീംകോടതി ഏകാംഗ കമ്മീഷനെ നിയമിച്ചു. കല്‍ക്കട്ട, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ ഫഌറ്റ് നിര്‍മ്മാതാക്കള്‍ക്ക് ആണോ എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.

അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമയം അനുവദിച്ചിരിക്കുന്നത്. വേനല്‍ അവധി കഴിഞ്ഞ് കോടതി സമ്മേളിക്കുന്ന ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി.ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം ഷെഫീഖിനെ കമ്മീഷനായി നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തിലെ ആലോചന. എന്നാല്‍ ജസ്റ്റിസ് ഷെഫീഖിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചതോടെയാണ് തോട്ടത്തില്‍ രാധാകൃഷ്ണനെ ദൗത്യം ഏല്‍പ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

Test User: