റഷ്യക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്ന് എടുത്ത പുതിയ വീഡിയോയിലാണ് സംഭവം അറിയിച്ചത്. ട്വിറ്റര്‍ വഴിയാണ് സെലന്‍സ്‌കി വീഡിയോ പുറത്തുവിട്ടത്. ‘യുക്രൈന്‍ കീഴടങ്ങുമെന്നത് വ്യാജ വിവരമാണ്. അത്തരം നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. ഇനി അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ല’, പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു. താന്‍ കീവില്‍ തന്നെയുണ്ടെന്നും എങ്ങോട്ടും മാറിയിട്ടില്ലെന്നും കൂട്ടിചേര്‍ത്തു.
യുക്രൈന്‍ സൈന്യത്തിന് കീവില്‍ വലിയ പ്രതിരോധം നടത്താന്‍ സാധിക്കുന്നുണ്ട്. കെട്ടിടം ആക്രമിക്കുന്നത് തടയാനായെന്നും സെലന്‍സ്‌കി അറിയിച്ചു. തലസ്ഥാനമായ കീവിലെത്തിയ റഷ്യക്ക് കനത്ത തിരിച്ചടി നല്‍കാന്‍ യുക്രൈന് സാധിക്കുന്നുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചിരുന്നു.