X

ആരും ജയിക്കാത്ത യുദ്ധം- പി. ഇസ്മായില്‍ വയനാട്‌

പി. ഇസ്മായില്‍ വയനാട്‌

അന്താരാഷ്ട്ര തലത്തിലുള്ള തര്‍ക്കങ്ങളില്‍ ഭീഷണിയോ ബലപ്രയോഗമോ നടത്തുന്നതിനെ വിലക്കുന്ന നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും നഗ്‌ന ലംഘനമാണ് റഷ്യയുടെ യുക്രൈയിന്‍ അധിനിവേശത്തില്‍ പ്രകടമാവുന്നത്. യുക്രെയ്‌നു അനുകൂലമായി ആരെങ്കിലും ഇടപെട്ടാല്‍ ഇന്നുവരെ ലോകം കാണാത്ത പ്രത്യാഘാതമുണ്ടാവുമെന്ന റഷ്യന്‍ പ്രസിഡണ്ട് വഌഡിമിര്‍ പുടിന്റെ വാക്കുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് നേരെയുള്ള പരസ്യ വെല്ലുവിളിയാണ്. ഇന്നലകളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന നഷ്ടപ്രതാപം വീണ്ടെടുക്കുക, യുക്രെയിനെ നിരായുധരാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് റഷ്യ രണ്ടും കല്‍പിച്ച് ഇറങ്ങി തിരിച്ചത്.

30 വര്‍ഷം മുമ്പ് സദ്ധാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയതിനു സമാനമായിട്ടാണ് യുക്രെയിനു മുകളില്‍ റഷ്യയുടെ ഉദകക്രിയയും. കുവൈത്തിനെ സഹായിക്കാന്‍ അന്ന് നാറ്റോ സൈന്യവും അമേരിക്കന്‍ സേനയും ഉണ്ടായിരുന്നുവെങ്കില്‍ യുക്രെയിന്‍ ഒറ്റയാനായാണ് പൊരുതുന്നത്. സൈനിക ശേഷിയുടെ കാര്യത്തില്‍ റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യുക്രെയ്ന്‍ ശൈശവ ദശയിലാണ്. നാറ്റോ സഖ്യത്തില്‍ യുക്രൈയിനിനെ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. 1949 ല്‍ രൂപീകൃതമായ സൈനീക സഖ്യമാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയുമായി നിലനിന്നിരുന്ന ശീതയുദ്ധകാലത്ത് റഷ്യയെ തടയിടാനായി രൂപം കൊണ്ടതാണ് നാറ്റോ സഖ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നാറ്റോക്ക് പ്രസക്തിയില്ലന്നും പിരിച്ചു വിടണമെന്നും അഭിപ്രായപെട്ടവരുണ്ട്. റഷ്യയുടെ ഭാഗമായിരുന്ന എസ്‌തോണിയ, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് അമേരിക്ക നാറ്റോ സഖ്യം വിപുലീകരിക്കുകയാണ് ചെയ്തത്.

യുക്രെയിനെ ഇതുവരെയായിട്ടും നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2000 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന യുക്രെയിന് നാറ്റോ നല്‍കാന്‍ സാധ്യതയുള്ള സഹായമാണ് റഷ്യയെ ഭയപെടുത്തുന്നത്. നാറ്റോയെ കുറ്റപ്പെടുത്തി യുക്രെയിനിനെ അക്രമിക്കുമ്പോള്‍ തന്നെ അതിലെ അംഗരാജ്യമായ തുര്‍ക്കിക്ക് ആയുധങ്ങള്‍ നല്‍കുന്നതും റഷ്യയാണ്. നാറ്റോയുടെയും റഷ്യയുടെയും അധിനിവേശ താല്‍പര്യത്തിന്റെ ഇരകളായി മാറുന്നത് യുക്രെയിനിലെ നാലര കോടി ജനങ്ങേളോ റഷ്യന്‍ സൈനികരോമാത്രമല്ല. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും വിവിധ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആ രാജ്യത്ത് വസിക്കുന്നവരാണ്. റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ഗ്യാനഗൗഡര്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് രാഷ്ട്രം കേട്ടത്.

പുടിന്‍ ഭരണകൂടത്തിന്റെ യുക്രയിന്‍ അധിനിവേശത്തിനെതിരെ ജര്‍മനിയിലെ ബര്‍ലിനിലും ചെകോസ്ലാവാക്കിയയിലെ പ്രാഗിലും നടന്ന പ്രതിഷേധ റാലിയില്‍ ലക്ഷങളാണ് അണിനിരന്നത്. റോം, ലിബ്‌സണ്‍, ലണ്ടന്‍, ലാഹോര്‍, ഡല്‍ഹി, ഇസ്തംബൂള്‍ എന്നീ നഗരങ്ങളില്‍ നടന്ന പ്രതിഷേധത്തിലും വലിയ രീതിയിലുള്ള ആള്‍കൂട്ടമാണ് പങ്കാളികളായത്. മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഉള്‍പ്പെടെ 50 ലേറെ പട്ടണങ്ങളിലുമായി റഷ്യന്‍ ജനത പടുകുറ്റന്‍ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. 1800 ഓളം പ്രക്ഷോഭകരെ യാണ് പുടിന്‍ ഭരണകൂടം ഇതിനകം ജയിലിലടച്ചത്. റഷ്യയിലെ വിശ്വരോത്തര കലാ കായിക താരങ്ങളും യുദ്ധം അടിച്ചേല്‍പ്പിക്കുന്ന ഭരണകൂട നയത്തെ വിമര്‍ശിച്ചിട്ടുണ്ട്. റഷ്യന്‍ ഭരണകൂടത്തെ ഭരണീയര്‍ തള്ളി പറയുമ്പോഴാണ് ഇന്ത്യയിലെ ഫാസിസ്റ്റുകളും മാര്‍ക്കിസ്റ്റുകളും പുടിന്‍ സ്‌നേഹികളായി മാറിയത്. ഐക്യരാഷ്ട്ര സഭയില്‍ റഷ്യയെ പേരെടുത്തു വിമര്‍ശിക്കാന്‍ പോലും കഴിയാത്ത വിധം ഇന്ത്യ മലക്കം മറിയുകയുണ്ടായി. യുക്രെയിനെ അക്രമിക്കാന്‍ റഷ്യ കണ്ടെത്തിയ ന്യായങ്ങളെ വെള്ളപൂശുന്ന തരത്തിലാണ് സി പി എമ്മിന്റെ പോളിറ്റ്ബ്യൂറോ പ്രസ്താവന ഇറക്കിയത്. അമേരിക്കയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശത്തിനെതിരെ പ്ലക്കാര്‍ഡേന്തി ഒന്നാം ദിനത്തില്‍ തന്നെ റോഡിലിറങ്ങിയവര്‍ കമ്യൂണിസ്റ്റ് ആശയത്തിന്റെ വിത്തുകള്‍ തളിര്‍ത്ത റഷ്യയുടെ കാര്യത്തില്‍ മൗനത്തിലാണ്.

യുക്രെയിന് പിന്തുണയുമായി വന്ന പാശ്ചാത്യ രാജ്യങ്ങളില്‍പലരും ഇസ്രായേലിന്റെഫാലസ്തീന്‍ അധിനിവേശത്തെ പിന്തുണക്കുന്നവരുമാണ്. കൂട്ടമരണവും കൂട്ടപ്പലായനവും ഭക്ഷ്യക്ഷാമവും ജനിതക രോഗങ്ങളും മാത്രം സമ്മാനിക്കുന്ന യുദ്ധത്തെഎതിര്‍ക്കുന്ന കാര്യത്തില്‍ വിവേചനം പാടില്ല.മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ലോകയുദ്ധത്തെ കുറിച്ചായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മറുപടി നല്‍കിയത്. നാലാം ലോകയുദ്ധം നടന്നാല്‍ കല്ലും വടിയുമായിരിക്കും ആയുധമെന്ന ഐന്‍സ്റ്റീന്റെ പ്രവചനം സര്‍വനാശം വിതക്കുന്ന യുദ്ധക്കൊതിക്കെതിരെയുള്ള മുന്നറിയിപ്പാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നതിന് പകരം യുദ്ധം എന്ന പ്രാകൃത മുറക്കെതിരെ അരുതേ എന്ന് ഉറക്കെ പറയേണ്ട സമയമാണിപ്പോള്‍.

Test User: