യൂഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കള്ളവോട്ട് നടത്താന്‍ സി.പി.എമ്മിനെ അനുവദിക്കില്ല. സി.പി.എമ്മിന് ഒരു കള്ളവോട്ട് പോലും ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പട്ടിക തയാറാക്കി നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസര്‍മാരെ ഏല്‍പ്പിക്കും. ഏതെങ്കിലും രീതിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുകയും കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കേരളത്തില്‍ വ്യാപകമായി നടക്കുന്ന കള്ളവോട്ടുകള്‍ക്ക് തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കള്ളവോട്ട് ചെയ്യുന്നത് സി.പി.എം ആണെന്നത് പകല്‍ പോലെ വ്യക്തമാണ്. യു.ഡി.എഫ് ഭൂരിപക്ഷം കുറയ്ക്കാന്‍ മൂവായിരത്തോളം വോട്ടുകളാണ് ചേര്‍ക്കാതെ പോയത്. അതുകൊണ്ടു തന്നെ കള്ളവോട്ട് ശക്തമായി തടയും. പോളിങ് ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകാത്ത തരത്തിലുള്ള പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ അജണ്ട നിശ്ചയിച്ചതും യു.ഡി.എഫാണ്. അവസാനഘട്ടത്തില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച് അതിന് പിന്നാലെ പോകാന്‍ എല്‍.ഡി.എഫ് ശ്രമിച്ചെങ്കിലും അത് ബൂമറാങായെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
യൂഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യത ലഭിച്ചു. വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായിയും സി.പി.എമ്മും നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിക്കുന്നുണ്ട്. വ്യാജ വീഡിയോ ഉണ്ടാക്കിയ സി.പി.എമ്മുകാര്‍ തന്നെയാണ് വ്യാജ ഫോണ്‍ കോളിന് പിന്നിലുമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ മര്യാദകളും ധാര്‍മ്മികയും ലംഘിക്കുന്ന പ്രവൃത്തികളാണ് സി.പി.എം ചെയ്തതെന്ന് വി.ഡി സതീശന്‍ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എറണാകുളത്തെ വികസനമാണ് യു.ഡി.എഫ് ചര്‍ച്ചയാക്കിയത്. രണ്ട് മുഖ്യമന്ത്രിയുടെ കാലത്തും ഒരു വികസനവും നടത്താല്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ റെയില്‍ ചര്‍ച്ചയാക്കാന്‍ യു.ഡി.എഫിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുമായി മുന്‍ മന്ത്രിമാരടക്കമുള്ള എല്‍ഡിഎഫ് സംഘം ചര്‍ച്ച നടത്തി. ആലപ്പുഴയിലെ കൊലവിളി പ്രകടനത്തിന് അനുമതി നല്‍കിയതും ഈ ചര്‍ച്ചയെ തുടര്‍ന്നാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കോടിയേരി പറയുന്ന പോലെ ഒരു അടിയൊഴുക്കും ഉണ്ടാകില്ല. ആര്‍ക്കും സ്വപ്നം കാണാമെന്നും പക്ഷേ അതുപോലെ കാര്യങ്ങള്‍ നടക്കില്ലെന്നും വി.ഡി സതീശന്‍ കൂട്ടിചേര്‍ത്തു.