കെ.പി മുഹമ്മദ് പേരോട്
സങ്കടങ്ങള്‍ പറയാനും ആഗ്രഹങ്ങള്‍ പങ്കുവെക്കാനും അനുഗ്രഹം വാങ്ങാനുമുള്ള ഒരു ആശ്വാസ നിലയമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സംഭവിക്കരുതെന്നു പ്രാര്‍ത്ഥിച്ച അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേട്ടയുടന്‍ ദുബൈയില്‍ നിന്നും നാട്ടിലേക്ക് വിമാനം കയറി. ജനബാഹുല്യം തീര്‍ത്ത തിരക്കില്‍ എങ്ങിനെ അവിടെയെത്തുമെന്നു ശങ്കിച്ച് നില്‍ക്കുമ്പോള്‍ ആശ്വാസമായത് സി.എച്ച് സെന്ററിന്റെ ആംബുലന്‍സാണ്. തങ്ങളുമായുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സാഫല്യം കൊണ്ടാണ് അവസാനമായി കാണാന്‍ കഴിഞ്ഞത്.
എന്റെ ബന്ധു കൂടിയായ പി.എ റഹ്മാന്‍ക്ക വഴിയാണ് തങ്ങളുമായി അടുപ്പമുണ്ടാവുന്നത്. അതുവഴി ലഭിച്ച ബന്ധം വളര്‍ന്നു വളര്‍ന്നു വല്ലാത്തൊരു അടുപ്പമായി മാറി. റഹ്മാന്‍ക രോഗബാധിതനായി ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് തങ്ങള്‍ വിമാനമാര്‍ഗം വന്നു റഅദ്ദേഹത്തെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അത്രമാത്രം ബന്ധം അവര്‍ തമ്മിലുണ്ടായിരുന്നു. നാദാപുരം വഴി പോകുമ്പോഴേല്ലാം തങ്ങള്‍ വീട്ടില്‍ കയറി അനുഗ്രഹ സാന്നിധ്യം നല്‍കുമായിരുന്നു. ദുബായിലെ വീട്ടിലും, അവിടുത്തെ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യാനും തങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ആരോഗ്യപരമായി വിശ്രമം നിര്‍ദ്ദേശിക്കപ്പെട്ട് തങ്ങള്‍ പുറത്തൊന്നും പോകാത്തൊരു സമയം. എന്റെ ഗൃഹപ്രവേശന സമയം അടുത്തു. തങ്ങളുടെ സാന്നിധ്യം അത്രയേറെ ഞാന്‍ കൊതിച്ചിരുന്നു. വിശ്രമത്തിനു വിരാമമിട്ടു തങ്ങള്‍ ആദ്യം പങ്കെടുത്ത പരിപാടി അതുതന്നെയായിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളില്‍ പലരും ആഗ്രഹിക്കുന്ന ആ അനുഗ്രഹീത സാന്നിധ്യം എനിക്ക് ലഭിച്ചപ്പോഴുണ്ടായ അനുഭൂതി അപാരമായിരുന്നു.
കണ്ടുമുട്ടിയാല്‍ ആദ്യം തന്നെ ”കെ.പീ.. സുഖമല്ലേ” എന്നൊരു അന്വേഷണമുണ്ടാകും. അത് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ് കൂടുതല്‍ സംതൃപ്തമാവും. തങ്ങള്‍ ദുബായില്‍ വന്ന സമയത്ത് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പരിചയമുള്ള ആരെയും അഭിവാദ്യം ചെയ്യാതെ അദ്ദേഹം കടന്നുപോവില്ല. സ്‌നേഹവും പരിഗണയും ആവോളം നല്‍കുകയും ചെയ്യുമായിരുന്നു.
എന്റെയൊരു സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിയായ വിഷമം തങ്ങളുമായി പങ്കുവെച്ചു. പലരും ശ്രമിച്ചിട്ടും നടക്കാത്തൊരു കാര്യമായിരുന്നു. കേട്ട ശേഷം തങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അടുത്ത തവണ ലൈസന്‍സുമായി ബന്ധപ്പെട്ട ഓഫീസില്‍ പോകുന്ന സമയത്ത് കയ്യില്‍ കരുതാന്‍ ഒരു ഉറുക്ക് ചുരുട്ടി കയ്യില്‍ തരികയും ചെയ്തു. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഉത്തരവും അല്ലാഹുവിന്റെ അനുഗ്രഹവും കൊണ്ട് കാര്യം സാധ്യമായി. തങ്ങള്‍ കുടുംബ സമേതം ദുബായില്‍ വരാമെന്നു പറഞ്ഞു വിസയും മറ്റും റെഡിയാക്കി നില്‍ക്കുന്ന സമയത്താണ് കൊറോണ രൂക്ഷമാവുന്നതും യാത്ര ഒഴിവാക്കേണ്ടി വരുന്നതും. നടക്കാതെ പോയ ആ യാത്ര ഇന്നുമൊരു നഷ്ടമായി മനസ്സിലുണ്ട്.
കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ നാല് കുടുംബങ്ങള്‍ക്ക് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി വീട് നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ അത് നിര്‍മിച്ചു നല്‍കിയത് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയായിരുന്നു. തങ്ങളുടെ ആഹ്വാന പ്രകാരമാണ് നിര്‍മാണം നടന്നത്. അതിന്റെ സമര്‍പ്പണം നടത്താനും തങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.
കോവിഡിന്റെ തുടക്കത്തില്‍ പ്രവാസികള്‍ ദുരിതം നേരിട്ട് ബുദ്ധിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും തങ്ങളെ കാണാന്‍ തീരുമാനിച്ചു. ആ സാഹചര്യമായിരുന്നിട്ട് കൂടി തങ്ങള്‍ സന്ദര്‍ശനം അനുവദിക്കുകയും ചെയ്തു. തങ്ങള്‍ ചന്ദ്രികയില്‍ വിളിച്ച് പ്രവാസി ക്വാറന്റൈന്‍ വിഷയത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന ആഹ്വാന വാര്‍ത്ത നല്‍കാന്‍ ആവശ്യപ്പെട്ടു. അത് അച്ചടിച്ചു വരികയും ഗുണഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അപരിഹാര്യമായ ഒരു നഷ്ടമാണ് സമൂഹത്തിനും സമുദായത്തിനുമുണ്ടായത്. കടന്നുപോയ വഴികളില്‍ സ്‌നേഹം വിതറി പുഞ്ചിരിച്ചു മാത്രം കടന്നുപോയ തങ്ങളുടെ കൂടെ അല്ലാഹു നമ്മളെ സ്വര്‍ക്ഷത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..!