ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണവും വെള്ളിയും കവര്‍ന്ന പ്രതികള്‍ പിടിയില്‍. വ്യവസായിയായ ചെന്നൈ മൈലാപ്പുര്‍ വൃന്ദാവന്‍ സ്ട്രീറ്റിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്.
ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരെ ആന്ധ്രയിലെ ഓങ്കോളില്‍നിന്ന് പിടികൂടി. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10 മാസമായി യു.എസിലായിരുന്ന ദമ്പതികള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട് സഹായി രവിയുമായി ചേര്‍ന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഫാം ഹൗസില്‍ കുഴിച്ചിട്ടു. തുടര്‍ന്ന് 9 കിലോ സ്വര്‍ണവും 70 കിലോ വെള്ളിയുമായി ഒളിവില്‍ പോകുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് അഡീ. പൊലീസ് കമ്മിഷണര്‍ എന്‍. കണ്ണന്‍ വ്യക്തമാക്കി. കൊലക്ക്‌ശേഷം വീട്ടില്‍ 40 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയില്‍ ലോക്കര്‍ പരിശോധിച്ചെങ്കിലും കിട്ടിയില്ല. എന്നാല്‍, മറ്റൊരു ലോക്കറില്‍നിന്ന് 9 കിലോ സ്വര്‍ണവും 70 കിലോ വെള്ളിയും ലഭിച്ചു. ഇതുമായി ഇരുവരും നാടുവിടുകയായിരുന്നു. മാതാപിതാക്കളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് യുഎസിലുള്ള മകളുടെ നിര്‍ദ്ദേശപ്രകാരം ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്.
ഏഴു വര്‍ഷമായി ശ്രീകാന്തിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണ് കൃഷ്ണ. കൃഷ്ണയുടെ മാതാപിതാക്കള്‍ ശ്രീകാന്തിന്റെ തന്നെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഫാംഹൗസില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.