പാമ്പുകടിയേറ്റതിനാല്‍ ചികിത്സ തുടരുന്ന വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും
തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ അനുകൂലമായ മാറ്റമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അടുത്ത 24 മണിക്കൂറും ഐസിയുവില്‍ തന്നെ തുടരുമെന്ന് അവര്‍ അറിയിച്ചു. വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ 7 ദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ തന്നെ തുടരുകയാണെന്നും കൃത്യമായ ഇടവേളകളില്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ജനുവരി 31നാണ് സംഭവം നടന്നത്. തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു വാവ സുരേഷ് പാമ്പിനെ പിടികൂടാന്‍ എത്തിയത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് കടിയേല്‍ക്കുന്നത്.