ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം കൊടുത്തവരേയും ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെയും സ്വാതന്ത്രസമര സേനാനികളുടെ പേര് വെട്ടിക്കളയാനുള്ള തീരുമാനം അത്യധികം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി. ലോക്‌സഭയില്‍ പറഞ്ഞു. ഇത് നാടിനു വേണ്ടി പടപൊരുതിയവരോടുള്ള നന്ദികേടാണെന്നും ചൂണ്ടിക്കാട്ടി.
ആത്മാര്‍ത്ഥതയോടും ധീരതയോടും കൂടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പടപൊരുതിയ ചരിത്രമാണ് മലബാര്‍ സമരത്തിനുള്ളത്. അതിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ട്. അതൊരിക്കലും വര്‍ഗീയം ആയിരുന്നില്ല, അത് ദേശ സ്‌നേഹത്തിലും ആത്മാഭിമാനത്തിലുമധിഷ്ഠിതമായ സ്വതന്ത്ര ദാഹികളുടെ മുന്നേറ്റത്തിന്റെ വലിയ ചരിത്രമാണത്. അവര്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ സമര്‍പ്പിച്ചത്. അതുകൊണ്ടു തന്നെയാണ് ചരിത്രരേഖകളില്‍ അവരുടെ പേരുകള്‍ സ്വര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അത് നീക്കം ചെയ്യുന്നത് ക്രൂരമാണ്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പടപൊരുതലില്‍ പങ്കെടുത്തവരെ ചരിത്ര രേഖകളില്‍ നിന്നും വെട്ടി കളയുന്നത് അവരോടുള്ള നന്ദികേടാണ്. ഇവിടെ മലബാര്‍ സമരം ഒരു വര്‍ഗീയ കലാപമാണെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ചരിത്രത്തെ വക്രീകരിക്കുന്നവരുടെ കുബുദ്ധിയാണ്. അവരുടെ പേരുകള്‍ വെട്ടി കളയുന്നതിന് ഇന്ത്യ ഗവണ്മെന്റ് കൂട്ടുനില്‍ക്കുന്നത് ചരിത്രത്തെ തന്നെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇ. ടി ചൂണ്ടിക്കാട്ടി.
കേരളത്തലെന്നതു പോലെ കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമൊക്കെയുള്ള ഏതാണ്ട് ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ അടുത്ത ഐ.സി.എച്ച്.ആറിന്റെ അഞ്ചാമത്തെ എഡിഷനില്‍ വെട്ടിക്കളയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും പുതിയ പതിപ്പ് ഇവരുടെ പേരുകള്‍ ഇല്ലാതെയാണ് വരാന്‍ പോകുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഇന്ത്യ ഗവണ്‍മെന്റ് ഈ കൊടുംക്രൂരതയ്ക്ക് കൂട്ടുനില്‍ക്കരുത്. അതുകൊണ്ട് ഗൗരവകരമായ ഈ വിഷയത്തില്‍ ഗവണ്‍മെന്റ് ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സമീപനമെടുക്കണമെന്നും രാജ്യത്തിനുവേണ്ടി ജീവന്‍ ബലികൊടുത്ത ആ മഹാന്മാരോടും ചരിത്രത്തോട് തന്നെ ചെയ്യുന്ന ക്രൂരതയില്‍ നിന്നും പിന്തിരിയണമെന്നും ഇ.ടി ആവശ്യപ്പെട്ടു.