വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒരു ഭാഷ മതിയെന്ന വാദം രാജ്യത്ത് ഏകത്വമുണ്ടിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഒരേ തെറ്റ് ബിജെപി ആവര്‍ത്തിക്കുകാണെന്നും ഇതില്‍ വിജയിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും ബിജെപി നേതാക്കള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിചേര്‍ത്തു.
പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങിനിടെയാണ് ഇതിന്റെ ചെയര്‍മാന്‍കൂടിയായ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ‘ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനും ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇന്ത്യയുടെ ഭാഷയിലായിരിക്കണം ‘, എന്നാണ് അമിത് ഷാ പറഞ്ഞത്.