പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴിയരികില്‍ കാത്ത് നിന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലീസ് സൗകര്യം ചെയ്തു കൊടുത്തെന്നും ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും വിഡി സതീശന്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത ശേഷവും സ്വന്തം വാഹനത്തില്‍ ആഘോഷപൂര്‍വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത്‌ലീഗും പരാതി നല്‍കിയിരുന്നു. എന്നിട്ടും പ്രസംഗിച്ച് 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് തയാറായതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞ്, വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തുകയാണ്. പി.സി ജോര്‍ജ് ഒരു ഉപകരണം മാത്രമാണെന്നും ജോര്‍ജിന്റെ പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ടെന്നും പറഞ്ഞു. പി.സി ജോര്‍ജിനെ കൊണ്ട് ഈ വര്‍ത്തമാനം പറയിച്ച സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ന്യൂനപക്ഷ വര്‍ഗീയ ശക്തികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ച വര്‍ഗീയപ്രീണന നയത്തിന്റെ ഭവിഷ്യത്താണിതെന്നും വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്രമെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.