നിലനില്‍പ്പിനും വികാസത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന അലീഗഢ്
മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തെ രക്ഷിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മൂന്നൂറ്റി എഴുപത്തി ഏഴാം വകുപ്പ് പ്രകാരമുള്ള സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട്, ന്യായമായി ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് സമദാനി പറഞ്ഞു.
2010ല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ടതാണ് അലീഗഢിന്റെ മലപ്പുറം കേന്ദ്രം. രണ്ടായിരത്തി പതിനെട്ടോടെ സ്വയംഭരണാവകാശം ആര്‍ജ്ജിക്കാനും രണ്ടായിരത്തി ഇരുപതോടെ സമ്പൂര്‍ണ്ണമായി സ്വതന്ത്ര സ്ഥാപനമായിത്തീരാനുമാണ് സ്ഥാപനത്തിന്റെ പ്രൊജക്റ്റ് റിപോര്‍ട്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാലിന്ന് കേവലം മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളും 500ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുമുള്ള സാഹചര്യമാണ് മലപ്പുറം അലീഗഢ് കേന്ദ്രത്തിലുള്ളത്.
കേന്ദ്രത്തിന്റെ വളര്‍ച്ചയിലുള്ള എല്ലാ തടസ്സങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണെന്ന് സമദാനി പറഞ്ഞു. ആയിരത്തി ഇരുനൂറ് കോടി രൂപയാണ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേവലം 104.93 കോടി രൂപ മാത്രമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടത്. 2017 വരെയുള്ള കാലത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അറുപത് കോടി രൂപ മാത്രമാണ് പാസാക്കുകയുണ്ടായത്. പിന്നീടാകട്ടെ സെന്ററിന്റെ വികസനത്തിനായി തുക അനുവദിക്കുകയേ ഉണ്ടായിട്ടില്ല.
സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായിട്ടാണ് അലീഗഢ് മലപ്പുറം കേന്ദ്രം സ്ഥാപിതമായതെന്നും സമദാനി വിശദീകരിച്ചു. സാമൂഹികമായും സാമ്പത്തികമായും പിറകോട്ട് തള്ളപ്പെട്ട വിഭാഗങ്ങള്‍ പ്രത്യേകമായി അധിവസിക്കുന്ന പ്രദേശങ്ങള്‍ സവിശേഷ വിദ്യാഭ്യാസ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ദേശീയവിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതനുസരിച്ചും ഈ സ്ഥാപനം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നുണ്ട്. അത് കൊണ്ട് ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര്‍ പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.