അബുദാബി: അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസുകളില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്നതിന് അനുമതി നല്‍കി. ഇതുസംബന്ധിച്ചു അബുദാബി ഗതാഗത വിഭാഗം സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു. 24ന് വ്യാഴാഴ്ച മുതല്‍ തന്നെ സ്‌കൂള്‍ ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും കുട്ടികള്‍ക്ക് യാത്ര ചെയ്യാമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ മൊത്തം സീറ്റുകളുടെ 75 ശതമാനം മാത്രമാണ് അനുമതി നല്‍കിയിരുന്നത്. കുട്ടികള്‍ അടുത്തിരിക്കുന്നത് കോവിഡ് പകരാന്‍ കാരണമാകുമെന്നതിനാലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിശ്ചിത ശതമാനം മാത്രം കുട്ടികളെ അനുവദിച്ചിരുന്നത്.
യുഎഇയില്‍ കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം. സ്വകാര്യ സ്‌കൂളുകള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്കും ഇതുമൂലം വലിയ ആശ്വാസമാണ് കൈവന്നിട്ടുള്ളത്. കൂടുതല്‍ കുട്ടികള്‍ക്ക് അനുമതി നല്‍കിയതോടെ വിവിധ സ്‌കൂളുകളില്‍ ബസുകളുടെ എണ്ണം കുറയും. അതേസമയം സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി 75 മിനുട്ട് സമയം മാത്രമെ അനുവദിക്കുന്നുള്ളുവെന്നത് ബസുകളില്‍ കൂടുതല്‍ സ്ഥലങ്ങളിലെ കുട്ടികളെ എടുക്കാന്‍ കഴിയില്ല.