യുക്രെയിനെതിരെ അയല്‍ രാജ്യമായ റഷ്യ നടത്തുന്ന ആക്രമണം നിരപരാധികളുടെ ജീവന്‍ കവരുന്നതിനോടൊപ്പം വലിയ അഭയാര്‍ത്ഥി പ്രശ്‌നത്തിന ്കൂടിയാണ് കിഴക്കന്‍യൂറോപ്പില്‍ തുടക്കമിട്ടിരിക്കുന്നത്. 24ന് രാവിലെ ആരംഭിച്ച ആക്രമണത്തില്‍ അഞ്ഞൂറോളം യുക്രെയിന്‍ സൈനികര്‍ക്കുപുറമെ നിരവധി നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ കൊല്ലപ്പട്ടുവെന്ന വാര്‍ത്ത രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഇതോടൊപ്പം ലോകം നേരിടുന്ന പ്രശ്‌നമാണ് യുക്രെയിനില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം. ചൊവ്വാഴ്ചക്കകം അഞ്ചു ലക്ഷത്തിലധികം ആളുകള്‍ പലവഴികളിലൂടെ യുക്രെയിന്‍ അതിര്‍ത്തി കടന്നതായാണ് വിവരം. തീവണ്ടികളിലും പാതകളിലും നടന്നും ലക്ഷക്കണക്കിന് പേര്‍, അവരില്‍ കുട്ടികളുടെയും വയോധികരും ഉള്‍പെടും, അതിര്‍ത്തികടക്കാനായി എത്തിയത് മനുഷ്യരായ മുഴുവന്‍ പേരെയും സംബന്ധിച്ച് വലിയ ചോദ്യചിഹ്നമായിരിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഒരു ഭാഗം. ഇരുപതിനായിരത്തിലധികം പേര്‍ വരും ഇവര്‍. ഇവരുടെ ഒഴിപ്പിക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നതും അവരുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ലോകത്തിന് മുന്നില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയേമതിയാകൂ.
കുടുംബങ്ങള്‍ വീട്ടുസാധനങ്ങളും മറ്റുമെടുത്ത് ഇതര ദേശങ്ങളിലേക്ക് കൂട്ടപലായനം ചെയ്യേണ്ടിവരുന്നത് ഈ അത്യാധുനിക കാലത്ത് ലജ്ജാകരമെന്നല്ലാതെന്താണ് പറയേണ്ടത്. ഇതില്‍തന്നെ യുക്രെയിനികളല്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്നുവെന്ന പരാതിയുമുണ്ട്. ഇന്ത്യക്കാരാണ് ഇതില്‍ അധികവും പ്രയാസം നേരിടേണ്ടിവന്നത്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ റഷ്യക്കനുകൂലമായി നിലപാടെടുത്ത് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നുവെന്ന വാര്‍ത്തയാണ് യുക്രെയിനികളെ ചൊടിപ്പിച്ചത്. ഹംഗറി അതിര്‍ത്തിയില്‍ ഇതുമൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിന്‍ പട്ടാളക്കാരില്‍നിന്ന് ശാരീരികാക്രമണംതന്നെ നേരിടേണ്ടിവന്നത് ഏവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. നവനാസികളുടെ കൂട്ടംതന്നെ യുക്രെയിനിലുണ്ടെന്ന പരാതിയെ ശരിവെക്കുന്ന തരത്തിലാണ് ഇത്തരം സംഭവങ്ങള്‍. റഷ്യ യുക്രെയിനെ ആക്രമിക്കാന്‍ പറഞ്ഞ കാരണങ്ങളിലൊന്ന് ആ രാജ്യത്തിന്റെ നാസിവല്‍കരണം തടയുകയാണെന്നതും മറക്കരുത്. അതേസമയം അമേരിക്കയിലും മറ്റും വംശീയത ഇന്നും മുറ്റിനില്‍ക്കുകയാണെന്ന കാര്യവും മറക്കാനാവില്ല. അതേസമയം ഒരു ലക്ഷം യുക്രെയിന്‍ വംശജരെ സഹായിക്കാന്‍ തയ്യാറാണെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടമ ബ്രിയാന്‍ ചെസ്‌കി അറിയിച്ചത് ശുഭോദര്‍ക്കമാണ്.
ഐക്യരാഷ്ട്രസഭയും അമേരിക്ക-യൂറോ സഖ്യസേനയായ നാറ്റോയും സംഘര്‍ഷത്തില്‍ നോക്കിനില്‍ക്കുന്നതോടെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് ലോക നേതാക്കള്‍ചേര്‍ന്ന് ഉത്തരം കണ്ടെത്തിയേതീരൂ. പോളണ്ട്് വഴിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍- 3 ലക്ഷം യുക്രെയിനില്‍നിന്ന് പലായനം ചെയ്തിരിക്കുന്നത്. ഹംഗറിയാണ് തൊട്ടടുത്ത്. മള്‍ഡോവ, റൊമേനിയ, സ്ലോവാക്യ എന്നിവയാണ് അഭയാര്‍ത്ഥികളെ വരവേറ്റിരിക്കുന്ന മറ്റയല്‍ രാജ്യങ്ങള്‍. ഇവരുടെ കാര്യത്തില്‍ തിരിച്ചുപോക്കിന് പെട്ടെന്ന് കഴിയില്ലെങ്കിലും പുനരധിവാസത്തിനുള്ള സാധ്യതകളും സൗകര്യങ്ങളും ഉടന്‍ കണ്ടെത്തിയേ മതിയാകൂ. നാലര കോടിയോളം വരുന്ന യുക്രെയിന്‍ ജനതയുടെ അഞ്ചു ശതമാനംവരും ഇതുവരെയുള്ള അഭയാര്‍ത്ഥികള്‍. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കാനാണിട. ഇതിനകം ജനവാസ മേഖലയിലേക്കും യുക്രെയിന്‍ തലസ്ഥാനമായ കീവിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ചനിലക്ക് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ അതിര്‍ത്തികളിലെത്തും. മുമ്പ് സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെക്കുറിച്ച്് യൂറോപ്പില്‍ വലിയ തര്‍ക്കവിതര്‍ക്കങ്ങളും സംഘട്ടനങ്ങളും നടന്നിരുന്നു. അലന്‍കുര്‍ദി എന്ന സിറിയന്‍ ബാലന്റെ തുര്‍ക്കി ബീച്ചിലെ മൃതദേഹം ലോകത്തിന്റെ നിത്യദു:ഖക്കാഴ്ചയായിട്ട് അധികകാലമായിട്ടില്ല. ഇതുപോലെ മറ്റൊരു ദുരന്തത്തിന് കാതോര്‍ത്തിരിക്കരുത് പാശ്ചാത്യലോകം വീണ്ടും. പത്തു ലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളായി യൂറോപ്യന്‍ രാജ്യങ്ങളുടെ കനിവുകാത്ത് താല്‍കാലികവാസ ഇടങ്ങളില്‍ കഴിയുന്നതിപ്പോഴും. ലോകം വലിയ സാങ്കേതികവിദ്യയും ജീവിതസൗകര്യങ്ങളും കൈവരിച്ചിട്ടുപോലും ഭൂമിയില്‍ മനുഷ്യര്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാതെ വരുന്നത് ചുരുക്കിപ്പറഞ്ഞാല്‍ വിഡ്ഢിത്തമാണ്. ഓരോ മനുഷ്യജീവിക്കും വസിക്കാനും ഭക്ഷിക്കാനുമുള്ള ഇടവും വസ്തുക്കളും ഉണ്ടാകേണ്ടതുണ്ടിവിടെ. കേവലം ഏതെങ്കിലും ഫാസിസ്റ്റ് നേതാവിന്റെ വൈകാരികതക്കും തോന്ന്യാസത്തിനും മുന്നില്‍ അടിയറവെക്കാനുള്ളതല്ല കേവലമനുഷ്യന്റെ ജീവനും ജീവിതവും. ഇത് തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ ലോകത്തിനിനി മുന്നോട്ടുപോകാനാകില്ല. എത്രയും പെട്ടെന്ന് യുക്രെയിന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുകയും അതത് ജനതക്ക് അവരിഷ്ടപ്പെട്ട തരത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം സാക്ഷാല്‍കരിക്കപ്പെടുകയുമാണ് അനിവാര്യം.