X

എംപിമാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമം; സി പി എം- ബി ജെ പി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമെന്ന് കെ സി വേണുഗോപാല്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ പാര്‍ലമെന്റിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ച ഡല്‍ഹി പോലീസിന്റെ നടപടി സിപിഎം- ബിജെപി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് നരേന്ദ്ര മോദിയും പിണറായി വിജയനും മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

അങ്ങേയറ്റം കാടത്തമാണ് ഡല്‍ഹി പോലീസ് എംപിമാരോട് കാട്ടിയതെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ രമ്യാ ഹരിദാസിനെ പുരുഷ പോലീസുകാര്‍ ആക്രമിക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ടി എന്‍ പ്രതാപനേയും ഹൈബി ഈഡനേയും എംപിമാരണെന്നറിഞ്ഞു കൊണ്ടു തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസിനു മുന്നില്‍ പ്രതിപക്ഷത്തെ എംപിമാര്‍ക്കു പോലും രക്ഷയില്ലാതായെന്നും പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി സിപിഎമ്മിന്റെ മാത്രം സൃഷ്ടിയല്ലെന്നും അതിന്റെ പങ്ക് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പായെന്നും പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേന്ദ്ര പിന്തുണ തേടി പിണറായി മോദിയെ സന്ദര്‍ശിക്കാനെത്തിയ ദിവസം തന്നെ ഒരു പ്രകോപനവുമില്ലാതെ യുഡിഎഫ് ജനപ്രതിനിധികള്‍ക്കു നേരെയുണ്ടായ ഈ മര്‍ദ്ദനം കേരളത്തിലെ പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കുള്ള താക്കീതാണോയെന്ന് പിണറായി പറയണമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

Test User: