തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് തനിച്ച് മത്സരിച്ച മനോഹര്‍ പരീക്കറിന്റെ മകന് ഉത്പല്‍ പരീക്കറിന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി. അന്തരിച്ച മുന്‍ ഗോവന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറിന്റെ മകനാണ് ഉത്പല്‍ പരീക്കര്‍. പനാജി മണ്ഡലത്തില്‍ നിന്നാണ് ഉത്പല്‍ പരാജയപ്പെട്ടത്. 716 വോട്ടിനാണ് തോല്‍വി. പനാജിയില്‍ ഇക്കുറിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അതനാസിയോ മൊണ്സെറേറ്റാണ് വിജയിച്ചത്.
താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ഉത്പല്‍ പരീക്കര്‍ തനിച്ച് മത്സരിച്ചത്. തന്റെ പിതാവ് മത്സരിച്ച മണ്ഡലമായ പനാജി തന്നെ തനിക്ക് ലഭിക്കണമെന്ന് ഉത്പല്‍ ആവശ്യം ഉന്നയിച്ചിരുന്നു. പനാജിക്ക് പകരമായി മറ്റു രണ്ട് സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്തെങ്കിലും അത് സ്വീകരിക്കാന്‍ ഉത്പല്‍ തയ്യാറായിരുന്നില്ല.