റസാഖ് ഒരുമനയൂർ
അബുദാബി: സഹിഷ്ണുതയും കാരുണ്യവും നിത്യജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ യുഎഇ ഭരണാധികാരികള്‍ എന്നും ലോകത്തിന് മാതൃകയാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച യുഎഇ 51-ാം ദേശീയദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിച്ചു സര്‍വ്വരെയും ചേര്‍ത്തുപിടിക്കുന്നവരാണ് യുഎഇ ഭരണകര്‍ത്താക്കള്‍. 200ല്‍ പരം രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്ക് സന്തുഷ്ട ജീവിതം നയിക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കുന്നതില്‍ ഭരണാധികാരികള്‍ എന്നും മുന്‍പന്തിയിലാണ്.
യുഎഇ യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ ജീവിതകാലത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലെ ഇന്ത്യക്കാരുടെ ജീവിതത്തെക്കുറിച്ച് ശൈഖ് സായിദ് ആരായുകയും തന്റെ മക്കളോട് അദ്ദേഹം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും മഹത്വം വിവരിക്കുകയും ചെയ്ത അനുഭവം യൂസുഫലി ഓര്‍ത്തെടുത്തു.
പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിലവിലെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ഇന്ത്യന്‍ സമൂഹത്തോട് എന്നും സ്നേഹവും താല്‍പര്യവും പുലര്‍ത്തുന്നു.
വ്യത്യസ്ഥ അഭിരുചിക്കാരായ വിദേശികള്‍ക്കുമുമ്പില്‍ രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു.
യുഎ ഇ ഔഖാഫ് ചെയര്‍മാന്‍ മുഹമ്മദ് മത്വര്‍ സാലിം അല്‍കഅബി ഉത്ഘാടനം ചെയ്തു. യു എ ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി ബിന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ഹാഷിമി മുഖ്യപ്രഭാഷണം നടത്തി.
ശൈഖ് സായിദ് മസ്ജിദ് മുഅദ്ദിന്‍ അല്‍ഹാഫിള് അഹ്‌മദ് നസീം ബാഖവി ഖിറാഅത്ത് നടത്തി.
ഇസ്ലാമിക് സെന്ററിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗും, സെന്റര്‍ മുന്‍ഭാരവാഹി എംഎം നാസര്‍ സ്മാരക സോക്കര്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും പത്മശ്രീ യൂസുഫലി നിര്‍വഹിച്ചു.
ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ ഡോക്ടര്‍ ബാലാജി രാമസ്വാമി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മുഹിയദ്ദീന്‍, ഫാല്‍കണ്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍ഗിറ്റ് മുള്ളര്‍, യുഎഇ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, അബൂദാബി സുന്നി സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ബാഖവി, അബൂദാബി കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എവി ശിഹാബുദ്ദീന്‍ നന്ദി രേഖപ്പെടുത്തി.
പ്രമുഖ ഗായകന്‍ കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിച്ച മ്യുസിക്കല്‍ ഇവന്റും അരങ്ങേറി. മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് നജാത്ത്, അബ്ദുല്‍ അസീസ്, സിദ്ധീഖ് എളേറ്റില്‍, മുസ്തഫ വാഫി, ഹനീഫ പടിഞ്ഞാര്‍മൂല, സലീം നാട്ടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.