X

മഅദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍

അബ്ദുള്‍ നാസര്‍ മഅദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി നടക്കുന്ന സാമ്പത്തിക സമാഹരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലീം സംഘടനകള്‍. മഅദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിറക്കി.

സുപ്രീം കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് എത്താന്‍ വഴിയൊരുങ്ങിയിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയാണ്. ഈ സാഹചര്യത്തിലാണ് മഅദിനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മഅദനി സഹായ സമിതി മുസ്ലീം സംഘടനാ നേതാക്കളെ സമീപിച്ചത്.

സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍,കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജമാ അത്തെ ഇസ്ലാമി കേരളാ അമീര്‍ എം ഐ അബ്ദുള്‍ അസീസ്, ദക്ഷിണ കേരളാ ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്രത്ത് എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവന.നിരവധി അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅദനിയുടെ ചികിത്സക്കും ബംഗളൂരു നഗരത്തിലെ താമസത്തിനും വലിയ തുക ചെലവ് വരുന്നുണ്ട്. ഇതിനു പുറമേ നിയമപോരാട്ടത്തിന് അഭിഭാഷകര്‍ക്ക് ഭീമമായ ഫീസ് നല്‍കേണ്ടി വരുന്നതായും പ്രസ്താവനയില്‍ പറയുന്നു.

റമസാന്‍ മാസത്തിലെ സാമ്പത്തിക സമാഹരണത്തിലൂടെയാണ് ഇതിനു വേണ്ട ചെലവുകള്‍ കണ്ടെത്തുന്നത്. ഈ പുണ്യമാസത്തില്‍ മഅദനിയുടെ നീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കുന്നതും സഹായിക്കുന്നതും പുണ്യകര്‍മ്മമായി കണ്ട് അദ്ദേഹത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹായം നല്‍കുകയും ചെയ്യണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

webdesk11: