വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സാംസ്‌കാരിക തീവ്രവാദമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഹിന്ദി അറിയാത്ത ലക്ഷോപലക്ഷം ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഹിന്ദി അറിയാത്തത് കൊണ്ട് അവരെല്ലാം ഇന്ത്യക്കാര്‍ അല്ലാതാകുന്നില്ല. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിനു മേല്‍ ഹിന്ദി അടിച്ചേല്‍പിച്ച് സാംസ്‌കാരിക തീവ്രവാദം അഴിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. ഇന്ത്യയെന്ന ആശയം നാനാത്വത്തിലെ ഏകത്വമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളുമാണ് ഇന്ത്യയുടെ സമ്പത്ത്. ഇതിനെയെല്ലാം ഒന്നാക്കി മാറ്റാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രതിഷേധമുയരണമെന്നും കെപിഎ മജീദ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങിനിടെയാണ് ഇതിന്റെ ചെയര്‍മാന്‍കൂടിയായ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ‘ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനും ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇന്ത്യയുടെ ഭാഷയിലായിരിക്കണം’, എന്നാണ് അമിത് ഷാ പറഞ്ഞത്.