2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. അര്‍ജന്റീന 3-0 ന് ജമൈക്കയെ തോല്‍പ്പിച്ചപ്പോള്‍ ബ്രസീല്‍ 5 -1 ന് ടുണീഷ്യയെ കീഴടക്കി.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളാണ് അര്‍ജന്റീനയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. പകരക്കാരനായെത്തിയാണ് മെസി ഇരട്ട ഗോള്‍ നേടിയത്. 86, 89 എന്നി മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. നേരത്തെ ആദ്യ പകുതിയില്‍ ജൂലിയന്‍ ആല്‍വരേസ് നേടിയ ഗോളിലാണ് അര്‍ജന്റീന ലീഡ് നേടിയത്.
രണ്ടാം പകുതിയില്‍ ലൗട്ടാരൊ മാര്‍ട്ടിനെസിനെ പിന്‍വലിച്ചാണ് ലയണല്‍ മെസിയെ കോച്ച് കളത്തില്‍ ഇറക്കിയത്. ജയത്തോടെ തോല്‍വി അറിയാതെ 35 രാജ്യാന്തര മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.
ലോക റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ അര്‍ജന്റീനയ്ക്ക് മൂന്ന് ജയം മാത്രമാണ് ഇനി ബാക്കി വേണ്ടത്. തുടര്‍ച്ചയായി പരാജയമറിയാതെ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇറ്റലിയാണ് മുന്‍പിലുള്ളത്.
ടുണീഷ്യക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 29 ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. പെനല്‍റ്റി കിക്കിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്. ബ്രസീലിനായി റാഫീഞ്ഞ ഇരട്ട ഗോള്‍ നേടി. 11, 40 മിനിറ്റുകളില്‍ ആയിരുന്നു റാഫീഞ്ഞയുടെ ഗോളുകള്‍.
റിച്ചാര്‍ലിസണ്‍ 19 ാം മിനിറ്റിലും പെട്രൊ 74 ാം മിനിറ്റിലും ബ്രസീലിനായി വല കുലുക്കി.