കീവ്: യുക്രെയ്‌ന്റെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കീവും പരിസരവും ബോംബുകളും ഷെല്ലുകളും പതിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണത്തില്‍ ഹാര്‍കീവും പരിസരവും തകര്‍ന്നു കഴിഞ്ഞു. സമീപ ഗ്രാമങ്ങളിലും റഷ്യയുടെ കനത്ത ആക്രമണമാണ് നടക്കുന്നത്. റഷ്യയോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരമാണെങ്കിലും ഹാര്‍കീവ് ഇപ്പോഴും യുക്രെയ്ന്‍ നിയന്ത്രണത്തില്‍ തന്നെയാണ്. ഹാര്‍കീവിനോട് ചേര്‍ന്നുള്ള യാകോവ്‌ലിവ്ക ഗ്രാമത്തിലെ വീട്ടില്‍ കഴിയുമ്പോള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവാവിന്റെ അനുഭവം വലിയ ചര്‍ച്ചയാവുകയാണ്. കാമുകിക്കൊപ്പം കഴിയുമ്പോഴാണ് ഷെല്ലാക്രമണത്തില്‍ വീട് തകരുന്നത്. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകള്‍ അകപ്പെട്ട മാക്‌സിം എന്ന യുവാവാണ് തന്റെ ഭീതിജനകമായ സാഹചര്യം വിശദീകരിക്കുന്നത്.
വീടിന് മുകളിലൂടെ എന്തോ പറക്കുന്ന ശബ്ദം കേട്ടു. വളരെ പെട്ടന്ന് തന്നെ വലിയ സ്‌ഫോടനങ്ങളുണ്ടാവുകയും ചെയ്തു. എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്‌സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാക്‌സിം ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തനിക്കൊപ്പമുണ്ടായിരുന്ന കാമുകിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തനിക്കതിന് കഴിഞ്ഞില്ല. തീപടരാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയോട് ചേര്‍ന്നു നില്‍ക്കുന്ന ഖാര്‍കീവില്‍ ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതു മുതല്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഹാര്‍കീവിലും പരിസരത്തും റഷ്യന്‍ സൈന്യം വീടുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ യാകോവ്‌ലിവ്ക ഗ്രാമത്തിന് നേരെയുണ്ടായ കനത്ത റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തില്‍ ഇപ്പോഴും ജനങ്ങള്‍ താമസിക്കുന്നുണ്ട്. കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഷെല്ലാക്രമണവും വഴിയിലെ വനങ്ങളില്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണവും തുടരുകയാണ്. കുന്നിന്‍ താഴ് വരയിലെ നിരവധി വീടുകളാണ് തകര്‍ത്തത്. കെട്ടിടാവശിഷ്ടങ്ങളുടെ വന്‍ കൂമ്പാരങ്ങളാണ് ഇവിടെ തെരുവുകളിലുള്ളതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഷെല്ലാക്രമണത്തിനൊപ്പം രാത്രി സമയങ്ങളില്‍ റഷ്യന്‍ സൈന്യം നിരന്തരം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.