ജി.പി.എസ് സര്‍വെ നടത്തിയാലും അതിനെ യു.ഡി.എഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂമിയില്‍ ഇറങ്ങാന്‍ പറ്റാത്തതിനാലാണ് ജി.പി.എസ് എന്ന് പറയുന്നത്. കൗശലപൂര്‍വം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ കല്ലിടുന്നത്. നിയമപരമായ വഴികളിലൂടെ അല്ലാതെ വളഞ്ഞ വഴികളിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കെറെയിലിന് വേണ്ടി മഞ്ഞകല്ല് ഇടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. അതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരില്‍ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയില്‍ ചവിട്ടുകയും സ്ത്രീയെ റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലില്‍ അടച്ചു. സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കല്ലിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം കെറെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്നും അന്ന് മാത്രമേ ഈ സമരം പൂര്‍ണ വിജയത്തിലെത്തൂവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തു തന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതി ഏഴ് നിലയില്‍ പൊട്ടിപ്പോയി. ഉള്‍പ്പെടുത്തിയിരുന്ന ഭൂരിപക്ഷം പദ്ധതികളും നേരത്തെ തന്നെ പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളും റോഡുകളുമായിരുന്നു. അതിന്റെ ഉദ്ഘാടനം അല്ലാതെ പ്രോജക്ട് തലത്തിലുള്ള ഒന്നും കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഉള്‍പ്പെടുത്തിയിരുന്ന റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തീകരിക്കാന്‍ പോലും സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ വെബ് സൈറ്റിലെ തന്നെ കണക്കുകള്‍ കാണിക്കുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പൂര്‍ണമായ ഭരണസ്തംഭനമാണ്. പണമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സാമ്പത്തിക അവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിക്കണം. സാധാരണക്കാരന്റെ ആശ്രയമായ കെ.എസ്.ആര്‍.ടി.സിയെ പൂട്ടിച്ച് വരേണ്യവര്‍ഗത്തിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപയുടെ സില്‍വര്‍ ലൈന്‍ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതില്‍ എന്ത് യുക്തിയും കമ്മ്യൂണിസവുമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പദ്ധതി നിലവില്‍ വന്നാല്‍ കേരളം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയിലെത്തും. എന്ത് വില കൊടുത്തും സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണം. കെ.എസ്.ആര്‍.ടിസി വിഷയം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്നും കൂട്ടിചേര്‍ത്തു.
തൃക്കാക്കരയില്‍ വികസന വിരുദ്ധരും വികസനവാദികളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കോടിയേരിക്ക് തിരുവനന്തപുരത്തിരുന്ന് പറയാന്‍ കൊള്ളാം. എറണാകുളത്ത് വന്ന് പറയാന്‍ പറ്റില്ല. എറണാകുളം ജില്ലയില്‍ ആരാണ് വികസനം നടത്തിയതെന്ന് തെളിയിക്കാന്‍ യു.ഡി.എഫ് വെല്ലുവിളിച്ചിരുന്നു. കണക്കുകള്‍ സഹിതമാണ് വെല്ലുവിളിച്ചത്. വിമാനത്താവളവും കലൂര്‍ സ്‌റ്റേഡിയവും ഗോശ്രീപദ്ധതിയും മെട്രോ റെയിലുമൊക്കെ കൊണ്ടു വന്നപ്പോള്‍ സമരം ചെയ്തവരാണ് സി.പി.എമ്മുകാര്‍. എല്‍.ഡി.എഫ് ഭരണകാലത്ത് ഈ ജില്ലയില്‍ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാന്‍ കോടിയേരിക്ക് സാധിക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.
പണമില്ലാത്തതിനാല്‍ ഒരു കാര്യവും നടത്താനാകാത്തത് കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തൃക്കാക്കരയിലേക്ക് വന്നത്. അവര്‍ തിരുവനന്തപുരത്ത് ഇരുന്നാലും തൃക്കാക്കരയില്‍ ഇരുന്നാലും ഒരു കാര്യവുമില്ല. പക്ഷെ സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ മന്ത്രിമാര്‍ ആരുടെയൊക്കെ വീടുകളിലാണ് കയറി ഇറങ്ങുന്നതെന്ന് മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതൊന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ മതവും ജാതിയും നോക്കിയല്ല വോട്ട് തേടി വീടുകളില്‍ പോകുന്നതെന്നും വിഡി സതീശന്‍ ഓര്‍മിപ്പിച്ചു.