മലയാളത്തിന്റെ മഹാനടിക്ക് കേരളം വിട നല്‍കി. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലായിരുന്നു അന്ത്യകര്‍മങ്ങള്‍. വൈകിട്ട് അഞ്ച് മണിക്കാണ് അന്ത്യകര്‍മങ്ങള്‍ക്ക് തുടങ്ങിയത്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതക്ക് തീകൊളുത്തി. ഭര്‍ത്താവ് ഭരതന്റെ അടുത്തായാണ് അന്ത്യവിശ്രമം. സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. നൂറുകണക്കിന് ആളുകളാണ് താരത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
വടക്കാഞ്ചേരിയില്‍ രണ്ട് സ്ഥലത്തായാണ് പൊതുദര്‍ശനം നടന്നത്. മുന്‍സിപ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലുമായിരുന്നു അത്.
കരള്‍രോഗം കാരണം ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു കെ.പി.എ.സി ലളിത. തൃപ്പുണിത്തുറയിലെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്.
മലയാള സിനിമയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും നെഞ്ചിലേറ്റാന്‍ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത 550ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു.