X

152 വര്‍ഷമായി തുടര്‍ന്ന ബ്രിട്ടീഷുകാരുടെ കരിനിയമം-അഡ്വ. അബ്ദുല്‍ ജലീല്‍ യു.കെ

അഡ്വ. അബ്ദുല്‍ ജലീല്‍ യു.കെ

രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരില്‍ ബ്രിട്ടീഷ് ഫെഡറല്‍ കോടതി ചുമത്തപ്പെട്ട നിയമമായിരുന്നു 124എ. ഫെഡറല്‍ കോടതി വിധിയുടെ ചുവട് പിടിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഐ.പി.സി 124എ എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പ്രവര്‍ത്തിക്കുന്ന സ്വാതന്ത്ര്യസമര നേതാക്കളേയും പ്രവര്‍ത്തകരേയും ജയിലിലടക്കാനായിരുന്നു ഈ കരിനിയമം ഉപയോഗിച്ചത്. സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 124എ നിലനിര്‍ത്തിപ്പോന്നത് ചരിത്രവിധിയിലൂടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തല്‍ക്കാലത്തേക്ക് ഇടക്കാല ഉത്തരവിലൂടെ മാറ്റിവെച്ചത്. ഐ.പി.സി 124എ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്ന് കേന്ദ്ര ഗവണ്‍മെന്റിനോടും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി കല്‍പ്പിച്ചിരിക്കുകയാണ്. വിധിയെ ചരിത്ര സംഭവവമായി കാണാമെങ്കിലും ഗവണ്‍മെന്റ് എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിന്റെ വ്യക്തത വരുത്തേണ്ടതുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഇന്ത്യക്കാര്‍ അനുഭവിച്ച പീഢനങ്ങളും മര്‍ദനങ്ങളും നിരവധിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിച്ചാലോ, സംസാരിച്ചാലോ, രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കലായിരുന്നു അവരുടെ രീതി. രാജ്യദ്രോഹികള്‍ എന്നു പേരിട്ട് അനവധി സ്വാന്ത്ര്യസമര പോരാളികളെ ബ്രിട്ടീഷുകാര്‍ ജയിലടക്കുകയും തൂക്കിക്കൊല്ലുകയും വെടിവെച്ച് കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇതിനൊക്കെ കോളനി വാഴ്ചക്കാലത്ത് അവര്‍ ഉപയോഗിച്ചത് (Sedition-രാജ്യദ്രോഹം) എന്ന കുറ്റം ചുമത്തിയായിരുന്നു. ബ്രിട്ടീഷുകാരുടെ കരിനിയമം ഫെഡറല്‍ കോടതി വിധിയിലൂടെ അംഗീകരിച്ചത്, ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നവരെ ജയിലിലടക്കാന്‍ ഉപയോഗിക്കുകയായിരുന്നു. അതിനുവേണ്ടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഐ.പി.സി 124എ ബ്രിട്ടീഷുകാര്‍ എഴുതിച്ചേര്‍ത്ത് നിയമമാക്കി. 75 വര്‍ഷമായിട്ടും ഈ ബ്രിട്ടീഷ് കരിനിയമമാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും തുടര്‍ന്നുപോന്നത്.

ഇതിനെതിരില്‍ പൊതുതാല്‍പര്യ ഹരജികളും അനവധി റിട്ട് പെറ്റീഷനുകളും സുപ്രീംകോടതിയുടെ മുമ്പില്‍ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായതും സുപ്രീംകോടതി കേന്ദ്ര ഗവണ്‍മെന്റിന് നോട്ടീസയച്ചതും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതും. സ്വതന്ത്ര ഇന്ത്യയില്‍ ഐ.പി.സി 124എ ദുരുപയോഗം ചെയ്യുന്നത് അടുത്ത കാലത്തായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും നിരവധി നിരപരാധികളെ ഈ നിയമം ഉപയോഗിച്ച് ജയിലിലടക്കുന്നുണ്ടെന്നും വ്യാപക പരാതികളും വാര്‍ത്തകളും വന്നതോടെയാണ് പ്രശ്‌നം കോടതി ഗൗരവത്തിലെടുത്തത്. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് ഇത് കൂടുതല്‍ ബോധ്യമാവും. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണ്. ഭരണഘടനാദത്തമായ അവകാശമാണത്. എന്നാല്‍ ഭരണക്കാര്‍ക്കെതിരെ അഭിപ്രായം പറയുന്നതുപോലും ദുര്‍വ്യാഖ്യാനത്തിലൂടെ സങ്കീര്‍ണ്ണമാക്കി അത് രാജ്യദ്രോഹമാക്കി മാറ്റി കേസെടുത്ത് ജയിലിലടക്കുന്ന പ്രവണത ഉള്ളതായി വിമര്‍ശനം ധാരാളമായി ഉയര്‍ന്നുവരുന്നുണ്ട്.

ഐ.പി.സി 124എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെച്ചത് ചെറിയ കാര്യമല്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നിലനിന്നുവന്ന നിയമമാണ് കോടതി സ്റ്റേ ചെയ്തത്. സ്റ്റേ ചെയ്യുന്നത് ഒഴിവാക്കികിട്ടാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് സോളിസിറ്റര്‍ ജനറല്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല. ശക്തമായ വാദങ്ങള്‍ ഹരജിക്കാരുടെ ഭാഗത്തുനിന്നും ഗവണ്‍മെന്റ് ഭാഗത്തുനിന്നും കോടതി സാകൂതം കേള്‍ക്കുകയും അതിനുശേഷം രാജ്യദ്രോഹ കേസുകള്‍ നിര്‍ത്തി വെച്ചുകൂടേ എന്നും ഗവണ്‍മെന്റ് ഭാഗം വക്കീലിനോട് കോടതി ചോദിക്കുകയുമുണ്ടായി. കോടതിയുടെ ഈ ചോദ്യം വന്നതോടെ നിയമം പുനപരിശോധിക്കാന്‍ തയ്യാറാണെന്നും പുനപരിശോധനക്ക് സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍, നിങ്ങള്‍ക്ക് പുനപരിശോധനക്ക് എത്രകാലം വേണ്ടി വരുമെന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു. എന്നാല്‍ കൃത്യമായി സമയം പറയാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വക്കീലിന്റെ മറുപടി. സര്‍ക്കാറുകള്‍ക്കെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കിയാല്‍ പിന്നെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാവുമെന്ന തിരിച്ചറിവാണ് ഈ വിധിക്കാധാരം. പതിമൂവായിരത്തോളം പേര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഐ.പി.സി 124എ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇനിയും പലരും ജയിലിലടക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും, ഹരജിക്കാര്‍ ആശങ്ക അറിയിച്ചതും കോടതി പരിഗണിച്ചു. നിയമത്തിലെ ദുരുപയോഗം സംബന്ധിച്ച ആശങ്ക സോളിസിറ്റര്‍ ജനറല്‍ പോലും കോടതിയില്‍ പങ്ക്‌വെച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടിയതില്‍നിന്നും ഗവണ്‍മെന്റിനറിയാം ദുരുപയോഗം നടക്കുന്നു എന്നതിന്റെ തെളിവായിക്കാണാവുന്നതാണ്. ഇത്‌കൊണ്ടാണ് കോടതി ഇടപെട്ടതും നിയമത്തിന്റെ ദുരുപയോഗം നിസ്സാരമായിക്കാണാന്‍ കഴിയില്ലെന്നു പറയാന്‍ കാരണവും. നിയമത്തിന്റെ ദുരുപയോഗം വഴി ഇനി ജയിലിലാകാന്‍ പോകുന്നവരുമുണ്ടെന്നും കോടതിക്ക് പറയേണ്ടിവന്നതും ഇതുകൊണ്ടാണ്. ഈ ഗൗരവമേറിയ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റ നിലപാട് കോടതിയില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചതോടെ സര്‍ക്കാറിന്റെ വാദം പൊളിയുകയായിരുന്നു. 1962 ലെ കേദാര്‍നാഥ് സിംഗ് കേസാണ് കേന്ദ്ര ഗവണ്‍മെന്റിന് അനുകൂലമായി വാദിക്കാന്‍ എടുത്തുപയോഗിച്ചത്. എന്നാല്‍ ഈ കേസിന്റെ വിധിയില്‍ തന്നെ ആശയക്കുഴപ്പങ്ങളുണ്ടെന്നും കോളനി വാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഫെഡറല്‍ കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു കേദാര്‍നാഥ് കേസ് വിധി എന്നുമുള്ള ഹരജിക്കാരുടെ വാദം ശരിവെക്കുന്നതാണ് ഐ.പി.സി 124എ മാറ്റിവെച്ചതിലൂടെ വ്യക്തമാകുന്നത്.
152 വര്‍ഷം പഴക്കമുള്ള രാജ്യദ്രോഹ നിയമം ഇടക്കാല ഉത്തരവിലൂടെ മാറ്റിവെച്ചത് കുറച്ചാശ്വാസമാണെങ്കിലും ഡഅജഅ, ചകഅ, എന്നീ ആക്ട് ദുരുപയോഗം ചെയ്ത് ഭരണകൂടങ്ങള്‍ക്ക് പൗരനെ വേട്ടയാടാന്‍ ഇനിയും അവസരം ഒളിഞ്ഞിരിപ്പുണ്ട്. ഐ.പി.സി 124എ മാറ്റിവെച്ചതിന്റെ പ്രസക്തി ഇതുമൂലം അപ്രസക്തമാകാനും സാധ്യതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് നിയമം പുനപരിശോധിക്കുന്നത് വരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി നിര്‍ത്തലാക്കിയത്. ഗവണ്‍മെന്റുകളോട് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍നിന്നും വിട്ടുനില്‍ക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഐ.പി.സി 124എ മാറ്റിവെക്കണമെന്നും മറ്റ് വകുപ്പുകള്‍ തുടരാവുന്നതാണെന്നും വിധിയിലുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ നേരിടുന്നവര്‍ക്കും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്കും ജാമ്യം ലഭിക്കുന്നതിനായി നിയമ കോടതികളെ സമീപിക്കാവുന്നതാണെന്നും പറഞ്ഞതിലൂടെ നിരവധി ആളുകള്‍ക്ക് ജാമ്യം ലഭിക്കാന്‍ സുപ്രധാന വിധി കാരണമായേക്കും.

പുതിയ വിധി പുറപ്പെടുവിക്കുന്ന കാലം വരെ ഈ വിധി നിലനില്‍ക്കുമെന്നും കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. കോടതി വിധി രാജ്യത്തെ തന്നെ ആശ്വാസത്തിലാക്കിയിരിക്കയാണ്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകുമെന്ന ആപ്തവാക്യം ഇവിടെ ശ്രദ്ധേയമാണ്. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന തത്വവും ശ്രദ്ധേയമാണ്. കുറ്റമറ്റ നീതിന്യായ വ്യവസ്ഥകളും നീതി ബോധവും രാജ്യത്തിന്റെ പ്രതീക്ഷകളെ മുന്നോട്ടു നയിക്കാനുള്ള ചാലക ശക്തിയാണ്. ഐ.പി.സി 124എക്ക് പകരം ഗവണ്‍മെന്റിന് വല്ല നിര്‍ദേശങ്ങളും മുന്നോട്ടുവെക്കാനുണ്ടെങ്കില്‍ അതിനുള്ള അവസരവും കോടതി സര്‍ക്കാറിന് നല്‍കുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ ഗവണ്‍മെന്റ് വക്കീലിന്റെ ചോദ്യം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആറ് ദശക കാലത്തെ കീഴ്‌വഴക്കം ലംഘിക്കുകയാണോ എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ ചോദ്യം. ബ്രിട്ടീഷ് കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരെ ജയിലിലടക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചതായിരുന്നു ഐ.പി.സി 124എ. ഇത് സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യ പിന്‍തുടരുന്നു എന്നായിരുന്നു ഹരജിക്കാര്‍ വാദിച്ചത്. ഹരജിക്കാരുടെ ഈ വാദം കോടതി ശരിവെക്കുകയായിരുന്നു. 1898 ലെ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായുള്ള ഹരജിക്കാരുടെ വാദവും കോടതി അംഗീകരിക്കുകയായിരുന്നു. ഇതിലൂടെ കോടതിയുടെ നിരീക്ഷണത്തെ കേന്ദ്ര സര്‍ക്കാറിന് ന്യായീകരിക്കാനായില്ല. ഗാന്ധിജിയേയും തിലകനേയും ആസാദിനേയും സ്വാതന്ത്ര്യസമര സേനാനികളേയും ജയിലിലടക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമം ഇപ്പോഴും വേണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തത്വത്തില്‍ നിയമത്തില്‍ ദുരുപയോഗം ഉണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനു തുല്യമാണ് നിയമം പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് പറയേണ്ടിവന്നതും അതിന് സമയം ചോദിക്കേണ്ടിവന്നതും. സ്വാതന്ത്ര്യത്തിന് 75 വര്‍ഷത്തിന് ശേഷവും ഈ നിയമം വേണോ എന്നും കോടതിക്ക് ചോദിക്കേണ്ടി വന്നു.

ഏതൊരു നിയമവും നീതീകരിക്കാന്‍ കഴിയുന്നതും ദുരുപയോഗം ചെയ്യാത്തതുമാകുമ്പോഴേ ആ നിയമത്തിന് നിയമ സാധുതയുള്ളൂ എന്നതാണ് വസ്തുത. നിയമം പുനപരിശോധനക്ക് നടപടി തുടങ്ങി എന്ന് കോടതിയില്‍ പറഞ്ഞ് കോടതി ഇടപെടല്‍ ഒഴിവക്കാന്‍ ഗവണ്‍മെന്റ് ഭാഗം ശ്രമിച്ചത് വിജയിച്ചില്ല. ഈ നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച ആശങ്ക സര്‍ക്കാര്‍ വക്കീലും പങ്കുവെച്ചിട്ടുണ്ടെന്നും കോടതിക്ക് പറയേണ്ടിവന്നു. ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക, ന്യൂസിലാന്റ്, കാനഡ, നോര്‍വെ, ഇന്തോനേഷ്യ മുതലായ വികസിത രാജ്യങ്ങള്‍ ഐ.പി.സി 124എക്ക് സമാനമായ നിയമങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും തടയാനുള്ള ഉപകരണമായി ഐ.പി.സി 124എ വകുപ്പിനെ കാണരുതെന്നാണ് വിധിയുടെ കാതല്‍.

Test User: