മധ്യപ്രദേശിലെ സിയോനിയില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ആദിവാസി യുവാക്കളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടെ അജണ്ടയാണ് ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ജനങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രയങ്ക പറഞ്ഞു. ട്വിറ്റര്‍ വഴിയായിരുന്നു പ്രതികരണം.
ആദിവാസി യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നത്തില്‍ സി.ബി.ഐ അന്വേഷണം നടക്കണമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യം ഉന്നയിച്ചു. ആദിവാസികള്‍ക്കായി കോടികളാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ചിലവഴിക്കുന്നത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ആദിവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചൗഹാന്‍ സര്‍ക്കാരിന്റെ കീഴില്‍ ആദിവാസികള്‍ സുരക്ഷിതരല്ല. ഈ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികള്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണെന്നും ഇതില്‍ പലരും സര്‍ക്കാരിന്റെ സഹായം മൂലം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന വിവരം ലഭിച്ചതായും കൂട്ടിച്ചേര്‍ത്തു.
പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് 15-20 പേരടങ്ങുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് രണ്ട് ആദിവാസി യുവാക്കളെ തല്ലി കൊന്നത്. സാഗര്‍ സ്വദേശി സമ്പത്ത് ബട്ടി, സിമരിയ സ്വദേശി ധന്‍സ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അക്രമികള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പരാതിക്കാരും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 നും മൂന്നിനും ഇടയില്‍ കൗറെ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് ദാരുണസംഭവം നടന്നത്. 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറുപേര്‍ക്കെതിരെ കൊലപാതക കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞിരുന്നു.