കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്കു പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം. 2014 മെയില്‍ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ ആയിരുന്നു. അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മില്‍ വിത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രം ഉള്ളപ്പോള്‍ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെയാണ് ഡീസല്‍ വിലയുമെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
2014 ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നും അതിന് കാരണം എന്താണെന്നും പദ്മജ ചോദിച്ചു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 147.27 ഡോളറില്‍ എത്തിയപ്പോള്‍ പോലും അന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്‌സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്. പക്ഷെ മോദി സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍ മറ്റു നികുതികള്‍ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അത് കൊണ്ട് ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോള്‍ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു. ഈ ഭീമമായ നികുതി ചുമത്തല്‍ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും കൂടുതല്‍ ആകാന്‍ കാരണമെന്നും പദ്മജ ചൂണ്ടിക്കാട്ടി.