X

ഭയാനകം, യുദ്ധം സൃഷ്ടിക്കുന്ന നവലേമാകക്രമം- കമാല്‍ വരദൂര്‍

കമാല്‍ വരദൂര്‍

യുദ്ധങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ് യുദ്ധം സമാപിക്കാറ്. ഇതിപ്പോള്‍ യുക്രെയിനില്‍ റഷ്യയുടെ അഴിഞ്ഞാട്ടം രണ്ടാഴ്ച്ച പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 12 ദിവസം. ക്രിയാത്മക ഇടപെടല്‍ ശക്തിയായി ആരും വരുന്നില്ല. ഇടപെടുമെന്ന് കരുതപ്പെട്ട ഐക്യരാഷ്ട്ര സംഘടന പതിവ് കാഴ്ച്ചക്കാരുടെ റോളില്‍ നില്‍ക്കുമ്പോള്‍ യുക്രെയിനില്‍ നിന്നുള്ള പലായനം യുദ്ധത്തിന്റെ പന്ത്രണ്ടാം നാള്‍ 20 ലക്ഷം കവിഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പലായന കാഴ്ച്ചകള്‍ ലോക മാധ്യമങ്ങളില്‍ നിറയുമ്പോള്‍ റഷ്യക്കെതിരെ ശബ്ദമുയര്‍ത്താന്‍ രാഷ്ട്രതലവന്മാരുണ്ട്. പക്ഷേ നടപടികള്‍ക്ക്, ഇടപെടലുകള്‍ക്ക് ആരും തയ്യാറാവുന്നില്ല. കീവും ഹര്‍ക്കീവും സുമിയുമെല്ലാം പൊരുതി നില്‍ക്കുന്നു എന്നതാണ് വാര്‍ത്തകള്‍. യുക്രെയിനികള്‍ ആയുധങ്ങളുമായി പൊരുതുന്ന കാഴ്ച്ചകളും ലോക മാധ്യമങ്ങളില്‍ നിറയുന്നു. പ്രവാസികളെ അതത് രാജ്യങ്ങള്‍ സ്വന്തം താവളത്തിലെത്തിക്കുന്നുണ്ട്. പി.ആറിന്റെ ഭാഗമായി ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്. അപ്പോഴും ഒരു രാജ്യത്തിന്റെ പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്ത്, എല്ലാവരെയും വെല്ലുവിളിച്ച് ആണവായുധ പ്രയോഗ ഭീഷണി വരെ നടത്തുന്ന റഷ്യക്കെതിരെ ഉച്ചത്തില്‍ സംസാരിക്കാന്‍, യുദ്ധത്തിലെ രാഷ്ട്രീയം സംസാരിക്കാന്‍ ആരുമില്ല എന്നത് വര്‍ത്തമാന ലോക ക്രമത്തിന്റെ അലസ രാഷ്ട്രീയമാണ്. വലിയ ഏകാധിപതികളായ ഹിറ്റ്‌ലര്‍ക്കും മുസോളിനുക്കുമെതിരെ സംസാരിക്കാന്‍ ധൈര്യം കാട്ടിയ ലോകമാണിത്. ആ ലോകമാണ് പുടീന് മുന്നില്‍ നിശബ്ദരാവുന്നത്. റഷ്യയെ എല്ലാവരും പേടിക്കുന്നു എന്നതാണ് ഈ രാഷ്ട്രീയത്തിലെ യാഥാര്‍ത്ഥ്യം. അഥവാ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഒരു പഴയ റഷ്യന്‍ റിപ്പബ്ലിക്കിനായി വെറുതെ എന്തിന് വിയര്‍ക്കുന്നു എന്നതാണ് അമേരിക്കന്‍ പക്ഷത്തെ ചോദ്യം. നാറ്റോ രാജ്യങ്ങള്‍ക്കാവട്ടെ വെല്ലുവിളിക്കാന്‍ മാത്രമുള്ള ഊര്‍ജ്ജം മാത്രമേയുള്ളു. യൂറോപ്യന്‍ യൂണിയന് ഗര്‍ജ്ജിക്കാന്‍ മാത്രമേ അറിയു. ചരിത്രത്തിലുടെ സഞ്ചരിച്ചാല്‍ യുദ്ധങ്ങള്‍ പലത് നടന്നിരിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് ഒഴികെ ഓരോ രാജ്യത്തിനും യുദ്ധങ്ങളുടെ വിശാല ചരിത്രമുണ്ട്. രക്ത ചൊരിച്ചിലില്‍ അനേകായിരങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു. പോയ നൂറ്റാണ്ടിലാണ് ലോകം രണ്ട് മഹായുദ്ധങ്ങള്‍ക്ക്് സാക്ഷ്യം വഹിച്ചത്. ആദ്യ യുദ്ധത്തിലെ കൂട്ടക്കുരുതി കണ്ടാണ് ലീഗ് ഓഫ് നാഷന്‍സ് എന്ന സമാധാന സംഘടന രൂപമെടുത്തത്. അവരുടെ സാന്നിദ്ധ്യത്തില്‍ വീണ്ടുമൊരു മഹായുദ്ധം വന്നപ്പോല്‍ ഐക്യരാഷ്ട്ര സംഘടനയായി അത് മാറി. പക്ഷേ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യമുള്ളപ്പോഴും പല്ലും നഖവുമില്ലാതെ സംസാരത്തിലുടെ സമാധാനത്തെ കാക്കുകയാണ് യു.എന്‍. ഈ രാഷ്ട്രീയം അറിയുന്നത് കൊണ്ടാണ് റഷ്യയും വഌഡിമിര്‍ പുടീനും പരസ്യമായി തന്നെ യുദ്ധമെന്ന മുദ്രാവാക്യം ഉയര്‍ത്തി മുന്നേറുന്നത്.

റഷ്യക്കൊപ്പം പരസ്യമായി നില്‍ക്കുന്ന ബെലാറൂസില്‍ മൂന്ന് വട്ടം ചര്‍ച്ചകള്‍ നടന്നു. ഈ സംസാരങ്ങള്‍ കേവലം പ്രഹസനങ്ങള്‍ മാത്രമായിരുന്നു. ചര്‍ച്ചാ ടേബിളില്‍ റഷ്യ ഏകപക്ഷീയമായി സംസാരിക്കുമ്പോള്‍ വഌഡിമിര്‍ സെലന്‍സ്‌ക്കി എന്ന യുക്രെയിന്‍ പ്രസിഡണ്ടിന് മുന്നില്‍ വെല്ലുവിളി സ്വികരിക്കുക എന്ന മറുവഴി മാത്രമാണുള്ളത്. വര്‍ത്തമാനകാല നശീകരണ രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയിപ്പോള്‍ ആരാണ് യുദ്ധം അവസാനിപ്പിക്കുക. ചോദ്യത്തിനുത്തരം എളുപ്പമാണ.് റഷ്യ തന്നെ വിചാരിക്കണം. സര്‍വ സന്നാഹങ്ങളുമായി യുദ്ധത്തിനിറങ്ങിയ ഒരു രാജ്യത്തിന് മുന്നില്‍ ദയാദാക്ഷിണ്യങ്ങളില്ല. രണ്ട് നാള്‍ കൊണ്ട് ഹാര്‍ക്കിവും കീവും സുമിയുമെല്ലാം കീഴടക്കി സ്വന്തം പാവ സര്‍ക്കാരിനെ അവിടെ വാഴിക്കാം എന്ന ധാരണയില്‍ കവചിത യുദ്ധ വാഹനങ്ങളുമായി ഇറങ്ങിയ റഷ്യക്ക് മുന്നില്‍ യുക്രൈന്‍ പൊരുതി നിന്നതോടെ വഌഡിമിര്‍ പുട്ടിന്റെ അഹങ്കാരമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരുണത്തില്‍ ഏത് വിധേനയും യുക്രെയിനികളെ ഇല്ലാതാക്കണമെന്ന തരത്തില്‍ അത് പ്രതികാരമായി മാറുകയാണ്. ആ തെളിവാണ് ഇന്നലെ സുമിയില്‍ കണ്ടത്. നിഷ്‌കരുണമായ ആക്രമണം.

യുദ്ധ രാഷ്ട്രീയത്തില്‍ പലപ്പോഴും ഭരണകൂടങ്ങള്‍ പറയാറുള്ളത് ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കില്ല. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ല തുടങ്ങിയ കാര്യങ്ങളാണ്. ഇന്നലെ അതെല്ലാം കാറ്റില്‍ പറന്നു. ജനവാസ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. യുക്രൈനിയന്‍ നഗരങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ കാണപ്പെടുന്ന പലായനത്തിന്റെ ക്യൂ കണ്ടാല്‍ സമാധാന പ്രേമികളുടെ ചങ്ക് പിടയും. ഈ കാഴ്ച്ചകളിലെല്ലാം മറുഭാഗത്ത് ഉയരുന്നത് കേവലമായ താക്കീതുകള്‍ മാത്രമാണ്. റഷ്യയെ താക്കീത് ചെയ്യാന്‍ ഏത് കടലാസ് സംഘടനക്കും കഴിയും. യുദ്ധം പൊട്ടിപുറപ്പെട്ട ശേഷം നമ്മുടെ കേരളാ നാട്ടില്‍ പോലും എത്രയെത്ര കടലാസ് സംഘടനകളാണ് റഷ്യക്ക് താക്കീത് നല്‍കി കൊണ്ടിരിക്കുന്നത്. പുതിയ കാലം കണ്ട ഏറ്റവും വിനാശകരമായ യുദ്ധം 90-91 ഗള്‍ഫ് യുദ്ധമാണ്. കുവൈറ്റിനെ തകര്‍ക്കാന്‍ ഇറാഖും സദ്ദാം ഹുസൈനും ശ്രമിച്ചപ്പോള്‍ ആദ്യം ലോകം മൂകസാക്ഷിയായി നിന്നു. ഗള്‍ഫ് മേഖലയിലെ പല രാജ്യങ്ങളും ആക്രമിക്കപ്പെടുമെന്ന ഘട്ടത്തിലായിരുന്നു അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇടപ്പെട്ടത്. ഇറാഖിനെ വെല്ലുവിളിക്കാനുള്ള ധൈര്യം അമേരിക്ക കാണിച്ചതില്‍ അല്‍ഭുതമുണ്ടായിരുന്നില്ല. പക്ഷേ അതേ ധൈര്യം റഷ്യക്കെതിരെ ആരും പ്രയോഗിക്കാതിരിക്കുമ്പോള്‍ ആ രാഷ്ട്രീയമാണ് പുതിയ ലോകക്രമം രൂപീകരിക്കുന്നത്. റഷ്യക്കെതിരെ ഏഷ്യന്‍ ശക്തികളായ ചൈനയും ഇന്ത്യയും ശബ്ദിക്കില്ല എന്ന സത്യം നയതന്ത്ര ലോകത്തിനറിയാം. ചൈനയും പാക്കിസ്താനും തമ്മിലുള്ള അടുപ്പത്തെ റഷ്യ പിന്തുണച്ചാലുള്ള അപകടവും ഇന്ത്യ മനസിലാക്കുന്നു. ഓരോ രാജ്യവും സ്വന്തം ഭൂമികയിലെ വെല്ലുവിളികളില്‍ നിലനില്‍പ്പിന്റെ പുതിയ നയതന്ത്രം കളിക്കുമ്പോള്‍ യുദ്ധ രാഷ്ട്രീയത്തില്‍ പ്രകടമാവുന്ന നിസംഗതയാണ് നിലവിലെ യുക്രൈനിയന്‍ പ്രശ്‌നം. ആ ജനതയുടെ വിലാപം എല്ലാവരും കാണുന്നു, സഹതാപം പ്രകടിപ്പിക്കുന്നു. പക്ഷേ ഇടപെടല്‍ ധൈര്യമില്ലാതെ ലോകം കേവലം സ്ഥാപിത താല്‍പ്പര്യക്കാരുടെ , സമ്മര്‍ദ്ദ ശക്തികളുടെ നവചേരികളായി രൂപാന്തരം പ്രാപിക്കുകയാണ്.

ആണവം എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്ന കാലം കഴിഞ്ഞത് പോലെ. മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ ലോകമില്ല എന്നത് സ്‌ക്കൂള്‍ ക്ലാസ് മുതല്‍ പഠിക്കുന്ന വരികളാണെങ്കില്‍ നിലവിലെ നയതന്ത്ര പ്രകാരം അത്തരമൊരു സര്‍വനാശത്തിലേക്ക് ആരും എടുത്ത് ചാടില്ല എന്ന ധൈര്യമാണ് എല്ലാവര്‍ക്കും. ലോകം ഇടപെടണം.റഷ്യക്കെതിരെ ഉപരോധം മാത്രമല്ല വേണ്ടത്- ഒന്നിച്ച് നിന്ന് പേടിപ്പിക്കണം.റഷ്യയിലിപ്പോള്‍ യുദ്ധ വികാരം പ്രകടമാണ്.പൂട്ടിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടാനുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്ന സത്യം റഷ്യ മനസിലാക്കുമ്പോള്‍ ഇടപെടാനുള്ള അവസരമാണിത്. യുദ്ധ രാഷ്ട്രീയത്തില്‍ ഇടപെടലാണ് പ്രധാനം അതിന് ഇനിയും സമയമെടുക്കരുത്.

Test User: