ഹിജാബ് വിഷയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു കോടതി വിധിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് മുസ്്‌ലിം ലീഗ് എം.പിമാർ. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് എംപിമാര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.പിമാർ.
കോടതി വിധി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും അടിയന്തരപ്രമേയ നോട്ടീസില്‍ പറഞ്ഞിരുന്നെന്ന് എം.പിമാർ വ്യക്തമാക്കി. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ രംഗത്തെ പ്രവേശനം തന്നെ ദുഷ്‌കരമാക്കുന്ന ഒരു നടപടി കൂടി ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു. വിശ്വാസപ്രമാണം നിലനിര്‍ത്തി കൊണ്ടുള്ള വിദ്യാഭ്യാസം അസാധ്യമാകുന്ന വിധത്തിലാണ് ഈ നീക്കങ്ങള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് ഇതില്‍ സജീവമായി ഇടപെടേണ്ടി വന്നിരിക്കുകയാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനുള്ള നടപടി അനിവാര്യമായി തീര്‍ന്നിട്ടുണ്ടെന്നും പറഞ്ഞു.