ബി.ജെ.പിയുടെ വിദ്വേഷത്തെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനുള്ള ശരിയായ അവസരമാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി. വെറുപ്പിനെ തോല്‍പ്പിക്കാനുള്ള ശരിയായ അവസരമാണിത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കഴിഞ്ഞദിവസം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 വരെ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച് കേട്ടുകേള്‍വിയില്ലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ആള്‍ക്കൂട്ട ആക്രമണം എന്ന വാക്ക് 2014 വരെ കേട്ടിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്- രാഹുല്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും അസമിലുമാണ് ഏറ്റവുമധികം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 17-19 തീയതികളില്‍ ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ആയുധം പ്രയോഗിക്കാന്‍ ആഹ്വാനം ചെയ്ത് അതിരൂക്ഷമായ പ്രസംഗങ്ങള്‍ നടത്തിയ സംഭവങ്ങളും വിവാദമായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനും പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.