ഡല്‍ഹി മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
അപകടത്തില്‍ 27 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കെട്ടിടത്തിന് വന്‍ തീപിടുത്തമുണ്ടായത്. ഒരു പ്രവേശനകവാടം മാത്രമാണ് കെട്ടിടത്തിനുണ്ടായിരുന്നത്.
70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നി ശമന വിഭാഗം അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗത്തേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. പരിക്കേറ്റ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്.
അതേസമയം, തീപിടുത്തം ഉണ്ടായ കമ്പനിക്ക് അഗ്‌നിശമനസേനാ എന്‍ഒസി ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ദില്ലിയില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് മുണ്ട്കായിലുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും പ്രദേശവാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.