കൊവിഡ് മരണസംഖ്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് 47 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാല്‍ കേന്ദ്രം പറയുന്നത് 4.8 ലക്ഷം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്റര്‍ വഴിയായിരുന്നു പ്രതികരണം. നരേന്ദ്ര മോദി കള്ളം പറഞ്ഞാലും ശാസ്ത്രം കള്ളം പറയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യം ഉന്നയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി യഥാര്‍ത്ഥ കോവിഡ് മരണ കണക്ക് ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) പുറത്തുവിട്ടത്. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ അവകാശവാദം. നിലവില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്.
2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ 47 ലക്ഷം പേരാണ് ഇന്ത്യയില്‍ മാത്രം മരിച്ചത്. സര്‍ക്കാര്‍ കണക്കിനെക്കാള്‍ 9 മടങ്ങ് അധികമാണ് ഇത്. ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോഗ്യ സംഘടനക്കായി കണക്ക് തയ്യാറാക്കിയത്. ഗുരുതരമായ യാഥാര്‍ത്ഥ്യമാണ് കണക്കുകളില്‍ പ്രകടമാകുന്നതെന്ന് ഡബ്ലിയു.എച്ച്.ഒ. മേധാവി ടെഡ്‌റോസ് അദാനോം വ്യക്തമാക്കി. ഈ മരണങ്ങളെല്ലാം തന്നെ അംഗീകരിക്കപ്പെടണമെന്നും മറ്റൊരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നന്നായി തയ്യാറെടുക്കാന്‍ ഇത് സഹായിക്കുമെന്നും ടെഡ്‌റോസ് അദാനോം അറിയിച്ചു.