X

പട്ടിക വര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ പലതും കടലാസിലൊതുങ്ങുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് വേണ്ടിയുള്ള പരിപാടികള്‍ തകിടം മറിക്കുകയാണെന്നും പദ്ധതികള്‍ പലതും കടലാസിലൊതുങ്ങുകയാണെന്നല്ലാതെ അര്‍ഹരില്‍ എത്തുന്നില്ലെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ത്രിപുരയിലെ ഒരു വിഭാഗം ഗോത്രങ്ങളെ ആദിവാസികളുടെ പട്ടികയില്‍ ചേര്‍ക്കുന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ഈ കമ്മിറ്റി പറഞ്ഞത് കേന്ദ്ര ഗവണ്‍മെന്റിന്റെ വ്യത്യസ്ത മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്‍മെന്റിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും മറ്റു മന്ത്രാലയങ്ങളും ഇതു സംബന്ധിച്ച് നടത്തുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുന്നില്ല, വാക്കിലും പ്രവര്‍ത്തിയിലും നടപ്പിലാക്കുന്നില്ല എന്നാണ്.

ഈ പദ്ധതി പ്രകാരം ഇവര്‍ക്കായി നീക്കി വെക്കേണ്ട സംഖ്യ പോലും നീക്കി വെക്കാതെ കുറ്റകരമായ അനാസ്ഥയാണ് വിവിധ മന്ത്രാലയങ്ങള്‍ ചെയ്യുന്നതെന്നും ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിലേക്ക് നീക്കി വെക്കേണ്ടത് 17.5 ശതമാനമായിരുന്നെങ്കില്‍ നീക്കിവെച്ചത് തന്നെ 5.45 ശതമാനം മാത്രമാണ്. ഈ വിഭാഗത്തോടുള്ള കടുത്ത അവഗണനയാണ് ഇത് കാണിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള വൈമുഖ്യവുമാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെയാണ് ട്രൈബല്‍ സബ് പ്ലാന്‍ പോലുള്ള പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ എസ്.സി എസ്.ടി വിഭാഗക്കാരുടെ സര്‍ട്ടിഫിക്കറ്റ് ആ വിഭാഗക്കാരെല്ലാത്തവര്‍ തട്ടിയെടുക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അര്‍ഹരായ എസ്.സി എസ്.ടികള്‍ക്ക് ലഭിക്കാനും അല്ലാത്തത് അംഗീകരിക്കാതിരിക്കാനും വേണ്ടിയുള്ള നടപടികള്‍ നിയമപരമായി തന്നെ ഉണ്ടാക്കേണ്ടതുണ്ട്. ട്രൈബല്‍ വിഭാഗത്തിനുള്ള ബജറ്റ് വിഹിതങ്ങള്‍ ചിലവാക്കാതെ പലഘട്ടങ്ങളിലും വക മാറ്റി ചെലവഴിക്കുന്നതും അങ്ങനെ അവര്‍ക്ക് പ്രയോജനപ്പെടാതിരിക്കുന്നതും ഒരു നിത്യ പ്രതിഭാസമായിട്ടുണ്ട്. അവ അവസാനിപ്പിക്കേണ്ടതാണ്. അവര്‍ക്കനുവദിച്ച ഫണ്ട് ലാപ്‌സാകാത്ത വിധത്തില്‍ അവര്‍ക്ക് തന്നെ പ്രയോജനം ചെയ്യുന്ന വിധത്തില്‍ കൃത്യമായ സാമ്പത്തിക, നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആക്കാര്യത്തിലും ഗവണ്മെന്റ് നീതി പുലര്‍ത്തണമെന്നും ഇ. ടി ആവശ്യപ്പെട്ടു.

Test User: