X

“ഞങ്ങളെക്കാളും മോശം പ്രകടനം നടത്തുന്നവര്‍ നിര്‍ദേശിക്കേണ്ട”; നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ധനമന്ത്രി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. തങ്ങളെക്കാളും മോശം പ്രകടനം നടത്തുന്നവര്‍ നിര്‍ദേശിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നിര്‍മല സീതാരാമന്‍ സംസ്ഥാനങ്ങളോട് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയിലെ മറ്റേത്  ഗവണ്‍മെന്റിനെക്കാളും മികച്ച സ്ഥിതിവിവരക്കണക്കാണ് തമിഴ്‌നാടിനുള്ളത്. 60,000 കോടി രൂപയില്‍ നിന്ന് 40,000 കോടിയിലേക്ക് റവന്യൂ കമ്മി ഞങ്ങള്‍ കുറച്ചു. കേന്ദ്രസര്‍ക്കാരിന്റെ പകുതിയാണ് ഞങ്ങളുടെ ധനക്കമ്മി. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് ഞങ്ങളുടെ പ്രതിശീര്‍ഷ വരുമാനം. ഞങ്ങളുടെ പണപ്പെരുപ്പം 5 ശതമാനം മാത്രമാണ്. അതേസമയം ദേശീയ പണപ്പെരുപ്പം 8 ശതമാനമാണ്. എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. എന്താണ് ചെയ്യേണ്ടതെന്ന് ആരും പറയേണ്ട ആവശ്യമില്ല’- പളനിവേല്‍ ത്യാഗരാജന്‍ വ്യക്തമാക്കി.

ഞങ്ങളെക്കാള്‍ മോശം പ്രകടനം നടത്തുന്നവര്‍ ഞങ്ങളോട് നിര്‍ദേശിക്കേണ്ട. അവര്‍ അഭ്യര്‍ത്ഥന നടത്തുകയല്ലെന്നും ഡിമാന്റുകള്‍ മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്.  ഇതിന് ഭരണഘടന അനുവദിക്കുമെന്ന് തോന്നുന്നില്ല. തങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സ്വന്തം ധനകാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: