അഹമ്മദാബാദ്: വംശഹത്യയുടെ നൊമ്പരം പേറുന്ന ഗുജറാത്തില്‍ നിന്നും സാഹോദര്യത്തിന്റെ സന്ദേശവുമായി ഒരു വാര്‍ത്ത. പുണ്യ റമസാനില്‍ വ്രതമനുഷ്ഠിക്കുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്കായി ഇഫ്താര്‍ ഒരുക്കിയിരിക്കുകയാണ് അഹമ്മദാബാദ് ബനസ്‌കാന്ത ജില്ലയിലെ ദല്‍വാന ക്ഷേത്രക്കമ്മിറ്റി.
വെള്ളിയാഴ്ച വരന്ദ വീര്‍ മഹാരാജ് ക്ഷേത്ര പരിസരത്താണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പ്രദേശത്തെ നൂറോളം ഇസ്‌ലാം മതവിശ്വാസികള്‍ ഇഫ്താറില്‍ പങ്കെടുത്തു. ക്ഷേത്ര പരിസരത്ത് മഗരിബ് നമസ്‌കാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ദല്‍വാനയില്‍ ആദ്യമായാണ് ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്ര പൂജാരി പങ്കജ് താകര്‍ പറഞ്ഞു. ഗ്രാമവാസികള്‍ എപ്പോഴും സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരാണ്. ഉത്സവങ്ങളുടെ തീയതികളില്‍ പ്രയാസങ്ങള്‍ നേരിട്ടാല്‍ പരസ്പരം സഹകരിക്കാറുണ്ടെന്നും പങ്കജ് പറഞ്ഞു. ക്ഷേത്ര ട്രസ്റ്റും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഴങ്ങള്‍, ജ്യൂസ്, ഈന്തപ്പഴം തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലമായ നോമ്പുതുറയാണ് സംഘടിപ്പിച്ചത്.
ഗ്രാമത്തിലെ ജനങ്ങള്‍ പരസ്പര സ്‌നേഹത്തിലാണ് കഴിയുന്നതെന്ന് വ്യാപാരിയായ വസിം ഖാന്‍ പറഞ്ഞു. ഇരു മതസ്ഥരും പരസ്പരം ആഘോഷങ്ങളില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.