ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്നത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഭരണകൂട ഭീകരതയാണെന്ന് കെകെ രമ എംഎല്‍എ. പിഞ്ചുകുട്ടികളുടെ മുന്നില്‍നിന്നും അമ്മമാരെ പുരുഷ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന അവസ്ഥ എത്ര ദയനീയമാണ്. ഒരുതരത്തിലുള്ള അംഗീകാരവും ലഭിക്കാത്ത, പ്രജാപതി സ്വപ്‌നത്തില്‍മാത്രം ദര്‍ശിച്ച ഒരു പദ്ധതിക്കുവേണ്ടി ജനങ്ങളെ ഇങ്ങിനെ കണ്ണീര്‍കുടിപ്പിക്കുന്നത് എന്തിനാണ്. എന്തൊരു നീതികേടാണ് ഈ ഭരണകൂടം സാധാരണ ജനങ്ങളോട് ചെയ്യുന്നത്. ആരാണ് പോലിസിന് ഇത്തരം കാടത്തം നടത്താനുള്ള ലൈസന്‍സ് നല്‍കിയതെന്ന് രമ ചോദിച്ചു.
പിണറായി വിജയനും ജനവിരുദ്ധ സര്‍ക്കാരും ഒന്നോര്‍ക്കുക, ഈ അമ്മമാരുടെയും ജനങ്ങളുടെയും നിലവിളികള്‍ വൃഥാവിലാകില്ല. ഈ രീതിയിലാണ് കെ.റെയില്‍ എന്ന താങ്കളുടെ സ്വപ്‌നം പൂവണിയിക്കുന്നതെങ്കില്‍ കേരളം ഇന്നോളം കാണാത്ത അതിശക്തമായ ജനകീയ സമരമായിരിക്കും വരും ദിവസങ്ങളില്ലെന്ന് രമ ഓര്‍മപ്പെടുത്തി. അതിനായി ജീവനും ജീവിതവും മാറ്റിവെക്കുകയാണെന്നും ജനാധിപത്യ സമരങ്ങളുടെ ശക്തിയെന്തെന്ന് പിണറായിയും ഭരണകൂടവും അറിയാന്‍ പോകുന്നതേയുള്ളുവെന്നും രമ വ്യക്തമാക്കി. ജനതയുടെ കണ്ണീരുപ്പില്‍ തുരുമ്പിക്കാത്ത ഒരു മൂലധന സമുച്ചയവും നീതികേടുകള്‍ കൊണ്ട് കെട്ടിപ്പടുക്കാനാവില്ല എന്ന് ഭരണാധികാരികള്‍ ഓര്‍ത്താല്‍ നന്നെന്നും കൂട്ടിചേര്‍ത്തു.