മോദിക്കെതിരെ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത് പോലെ ഇത് 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സൂചനയല്ല. അദ്ദേഹത്തിന്റെ പരാമര്‍ശം മനശ്ശാസ്ത്രപരമായ ഒരു നീക്കമാണ്. അതില്‍ വീണുപോകരുത്’,- പ്രശാന്ത് പറഞ്ഞു. ട്വീറ്റര്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2024ലാണ് ഇന്ത്യക്ക് വേണ്ടിയുള്ള യുദ്ധം നടക്കാന്‍ പോകുന്നത്. അന്നാണ് അക്കാര്യത്തില്‍ തീരുമാനവും വരുന്നതെന്നും മറിച്ച് ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിക്ക് ഇത് അറിയാമെന്നും എങ്കിലും ഈ ഫലങ്ങള്‍ നിര്‍ണായകമാണെന്ന രൂപേണ പ്രതിപക്ഷത്തിനുമേല്‍ മനശ്ശാസ്ത്രപരമായ മുന്‍തൂക്കം നേടാനുള്ള നീക്കമാണിതെന്നും പ്രശാന്ത് കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡല്ഹിയിലില് വച്ച് നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് തെരഞ്ഞെടുപ്പ് ഫലം 2024ലെ പാര്‍ലമെന്റ്
തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടത്.