മുന്‍ ഇന്ത്യന്‍ ദേശീയ ടീമംഗംവും മലയാളി താരവുമായ എസ്. ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി താരം ട്വിറ്റര്‍ വഴിയാണ് അറിയിച്ചത്.
“പുതുതലമുറക്കായി വഴിമാറുകയാണ്. തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് സന്തോഷം നല്‍കില്ലെന്ന് അറിയാം. എങ്കിലും
ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ തീരുമാനമാണിത്”, ശ്രീശാന്ത് പറഞ്ഞു. മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. 2007 ല്‍ ടി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെയും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെയും അംഗമായിരുന്നു.
ഇന്ത്യക്ക് വേണ്ടി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. 10 ടി20യില്‍ നിന്ന് 7 വിക്കറ്റും നേടിയിരുന്നു.