ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ 132 പേരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളിലൊന്ന് കണ്ടെടുത്തു. രണ്ടാമത്തേതിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ ആഘാതത്തില്‍ കേടായ ഉപകരണം ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറാണോ കോക്പിറ്റ് വോയിസ് റെക്കോര്‍ഡറാണോ എന്ന് തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ നശിച്ചുപോയിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിമാനം അപകടത്തില്‍ പെടാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ബ്ലാക്ക് ബോക്‌സുകള്‍ക്ക് സാധിക്കും. വിമാനം തകര്‍ന്നുവീണ മലനിരകളില്‍ ഡ്രോണുകളും സ്‌നിഫര്‍ ഡോഗുകളും ഉപയോഗിച്ച് ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. വുഷോ നഗരത്തിലെ തെങ്ഷിയന്‍ കൗണ്ടിയിലുള്ള മൊലങ് ഗ്രാമത്തിലാണ് ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. 3222 അടി ഉയരത്തില്‍നിന്ന് വിമാനം അതിവേഗം താഴേക്ക് കുത്തിയിറങ്ങുകയായിരുന്നു.