ലണ്ടന്‍: മെയ് 28ന് റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിശ്ചയിച്ചിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റാന്‍ വ്യക്തമായ സാധ്യത. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിലുള്ള ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വന്‍കരാ ഫുട്‌ബോളിനെ നയിക്കുന്ന യുവേഫ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്. ബ്രിട്ടനാണ് ശക്തമായി റഷ്യക്കെതിരെ ആദ്യം സംസാരിച്ചത്. റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി എത്രയും വേഗം മാറ്റണമെന്നും വെംബ്ലിയില്‍ ഫൈനല്‍ മല്‍സരം നടത്താന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
പോളണ്ടാവട്ടെ ഫിഫയിലാണ് പരാതി നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ പോളണ്ട് നേരിടേണ്ടത് റഷ്യയെയാണ്. ആദ്യപാദ മല്‍സരം നിശ്ചയിച്ചിരിക്കുന്നത് മോസ്‌ക്കോയിലാണ്. യുക്രെയിന്റെ കിഴക്കന്‍ മേഖലയിലേക്ക് സൈന്യത്തെ അയക്കാനുള്ള റഷ്യന്‍ പ്രസിഡണ്ട് വഌാഡിമിര്‍ പുട്ടിന്റെ തീരുമാനമാണ് യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രകോപിതരാക്കിയിരിക്കുന്നത്. പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യുവേഫ തലവന്‍ അലക്‌സാണ്ടര്‍ കാഫറിന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ സസൂക്ഷ്മം നിരിക്ഷിച്ച് വരുകയാണെന്നും എന്തെങ്കിലും തീരുമാനം വേണമെങ്കില്‍ അത്യാവശ്യ സാഹചര്യത്തില്‍ എടുക്കുമെന്നും അത് വരെ തല്‍ക്കാലം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവേഫയുടെ പ്രധാന സ്‌പോണ്‍സര്‍ റഷ്യന്‍ ഗ്യാസ് കമ്പനിയായ ഗാസ്‌പ്രോമാണ്. കഴിഞ്ഞ സീസണില്‍ നടന്ന യൂറോ, ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ പ്രധാന ചാമ്പ്യന്‍ഷിപ്പുകളുടെയെല്ലാം പ്രധാന സ്‌പോണ്‍സര്‍ ഈ റഷ്യന്‍ ഗ്രൂപ്പാണ്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോലും ഇവരാണ് കാര്യമായി പിന്തുണക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തിന് ഗാസ്‌പ്രോം അറീന എന്ന പേര് പോലും നല്‍കി കഴിഞ്ഞു. പരമാധികാര രാജ്യങ്ങളെ ആക്രമിക്കാനുള്ള റഷ്യന്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഇതിന്റെ ഭാഗമായി തന്നെ അടിയന്തിരമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദഗി മാറ്റിയതായുള്ള പ്രഖ്യാപനം നടത്തണമെന്നുമാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍ ഒരു തരത്തിലുമള്ള രാജ്യാന്തര കായിക മാമാങ്കങ്ങള്‍ പാടില്ലെന്നാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. യുക്രെയിനില്‍ അനധികൃതമായി നടത്തിയ അതിക്രമങ്ങളെ ന്യായീകരിക്കാനുള്ള പുട്ടിന്റെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.