X
    Categories: indiaNews

ബി.ജെ.പിക്കാര്‍ക്ക് കുടുംബ ബന്ധത്തിന്റെ വിലയറിയില്ല: അഖിലേഷ് യാദവ്

കുടുംബാധിപത്യം പരാമര്‍ശത്തില്‍ ബി. ജെ.പിക്കെതിരെ തിരിച്ചടിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുടുംബമുള്ള ഒരാള്‍ക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ‘അവര്‍ എന്നെ ഘോര്‍ പരിവാര്‍വാദി (ആത്യന്തിക രാജവംശം) എന്ന് വിളിക്കുന്നു, ഒരു കുടുംബമുള്ള ഒരാള്‍ക്ക് കുടുംബത്തിന്റെ വേദന മനസ്സിലാകും, മിക്ക ബി.ജെ.പി നേതാക്കള്‍ക്കും കുടുംബമില്ല, അവര്‍ക്ക് കുടുംബത്തിന്റെ വേദന അവര്‍ക്ക് അറിയാന്‍ കഴിയുമോ?. കുടുംബമുള്ള ഒരാള്‍ക്ക് മാത്രമേ അവന്റെ ഉത്തരവാദിത്വം മനസ്സിലാക്കാന്‍ കഴിയൂ, അയാള്‍ക്ക് മാത്രമേ ബന്ധങ്ങളുടെ വില അറിയൂ. വിലക്കയറ്റം എന്താണെന്ന് ഒരു കുടുംബനാഥന് മനസ്സിലാക്കാന്‍ കഴിയും, വിലക്കയറ്റത്തിന്റെ വേദന അവര്‍ക്ക് ബോധ്യപ്പെടും, തൊഴിലില്ലായ്മയുടെ വേദന യുവാക്കള്‍ക്കും അനുഭവപ്പെടും- ജലൗനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷ് ആഞ്ഞടിച്ചു. ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പരാമര്‍ശങ്ങളാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

എസ്.പിയിലെ എസ്’ എന്നാല്‍ സമ്പത്ത് ശേഖരണം’ എന്നും പി’ എന്നാല്‍’ പരിവാര്‍വാദം’ (കുടുംബാധിപത്യം) എന്നും പറഞ്ഞിരുന്നു. എസ്.പി ഘോര്‍ പരിവാര്‍വാദിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു. ‘ബാങ്കില്‍ നിക്ഷേപിച്ച ജനങ്ങളുടെ പണം മോഷ്ടിക്കപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വ്യവസായി 28 ബാങ്കുകളില്‍ നിന്ന് 22,000 കോടിയിലധികം കൈക്കലാക്കി ഒളിച്ചോടി. ബി.ജെ.പി സര്‍ക്കാര്‍ വന്നതിന് ശേഷം വന്‍കിട വ്യവസായികള്‍ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് രാജ്യം വിടുകയാണ്- അദ്ദേഹം പറഞ്ഞു.

Test User: