ജവഹര്‍ലാല്‍ നെഹ്‌റുവിന് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നതെന്ന കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദത്തിനെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. നെഹ്‌റു കോടതിയില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര പറഞ്ഞു. രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് നെഹ്‌റുവിന് സാധിക്കാത്ത കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന അവകാശ വാദം ഉന്നയിച്ചത്. ട്വിറ്റര്‍ വഴിയായിരുന്നു മഹുവയുടെ ഇതിനോടുള്ള പ്രതികരണം.
‘ ശരിയാണ് സര്‍. കോടതിയില്‍ നെഹ്‌റു കള്ളം പറഞ്ഞിട്ടില്ല. സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ചാരവൃത്തി ചെയ്തിട്ടില്ല. നിരപരാധികളെ അറസ്റ്റ് ചെയാന്‍ നിന്നിട്ടില്ല. വിയോജിപ്പ് പ്രകടിപ്പിച്ചവരെ തുറുങ്കിലടച്ചിട്ടില്ല. ഈ പട്ടിക നീണ്ടതാണ്’- എന്നാണ് മഹുവ മൊയ്ത്ര ട്വിറ്ററില്‍ പ്രതികരിച്ചത്.
രാജ്യദ്രോഹ നിയമം സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ച വിധി ചരിത്രപരമാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലെ മഹത്തായ ദിനമാണിതെന്നും സുപ്രിം കോടതിക്ക് അഭിനന്ദനങ്ങളെന്നും പറഞ്ഞു.