X

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: എം.പി അബ്ദുസ്സമദ് സമദാനി

കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിക്കാനും അതിന്റെ മറവില്‍ അവരുടെ വിദ്യാഭ്യാസം വിലക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്ത വ്യക്തി സ്വാതന്ത്രത്തിനും മതേതരത്വത്തിനും എതിരായ ഹിജാബ് നിരോധനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് 377ാം വകുപ്പ് പ്രകാരം ലോക്‌സഭയില്‍ നടത്തിയ പ്രത്യേക പരാമര്‍ശത്തില്‍ സമദാനി പറഞ്ഞു. ലോകത്ത് സകല രാജ്യങ്ങളും ആദരിക്കുന്ന ബഹുസ്വരതയുടെ തത്വങ്ങള്‍ക്കെതിരെയുള്ള ഈ വെല്ലുവിളി രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

ഹിജാബ് നിരോധനം ആദ്യം ഏര്‍പെടുത്തിയത് ഒരു സര്‍ക്കാര്‍ കോളെജ് ആണെന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്ന് സമദാനി സബ്മിഷനില്‍ പറഞ്ഞു. പിന്നീട് മറ്റു ചില കലാശാലകളും അതു പിന്തുടര്‍ന്നു. ഇപ്പോഴാകട്ടെ, വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ശഥിലീകരണ ശക്തികള്‍ അത് ഉപയോഗപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നിയമസമാധാനം തകര്‍ത്തു കൊണ്ട് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ അവരുടെ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയാണ് അവര്‍ ചെയ്യുന്നത്.

ഹിജാബ്, അത് ധരിക്കുന്നവരുടെ അനിവാര്യമായ മതകീയ അനുഷ്ഠാനങ്ങളില്‍ പെട്ടതാണെന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണെന്ന് സമദാനി പറഞ്ഞു.ലോകമാസകലം അത് അനുഷ്ഠിക്കപ്പെട്ട് പോരുന്നതുമാണ്.
നമ്മുടെ ഭരണഘടന ന്യൂനപക്ഷങ്ങളടക്കമുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഇത്തരം അവകാശങ്ങള്‍ അനുവദിക്കുക മാത്രമല്ല, ഉറപ്പ് വരുത്തുന്നുമുണ്ട്. വിശ്വാസപ്രകാരമുള്ള വസ്ത്രധാരണം വ്യകതിയുടെ അവകാശങ്ങളില്‍ പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ ആഹാര വസ്ത്രാദികളിലെ വ്യത്യാസങ്ങള്‍ നമ്മുടെ വൈവിധ്യത്തിലെ ഏകത്വത്തിന് പ്രതിനിധീഭവിക്കുന്നതാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനും അത് ലംഘിക്കാനുള്ള പ്രവണതകളെ തടയാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Test User: