X

നിപ വൈറസിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കിക്കാന്‍ നിര്‍ദേശം നല്‍കി.

വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുക. നിപ ബാധിത പ്രദേശത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന് എതിരായ ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ജാഗ്രത ശക്തമാക്കും. വവ്വാലുകളുടെ സമ്പര്‍ക്കം ഒഴിവാക്കണം. നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Test User: