അമേരിക്കന്‍ നിര്‍മ്മിത ടാങ്ക് വിരുദ്ധ മിസൈലായ ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യന്‍ സൈന്യത്തിന്റെ 280 ടാങ്കുകള്‍ തകര്‍ത്തതായി യു.എസ് മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പ്രമുഖ യുദ്ധ നിരീക്ഷികനായ യു.എസ് മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ സൈന്യത്തിന് നേരെ ശക്തമായ പോരാട്ടമാണ് യുക്രെയ്ന്‍ സേനാംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ചുകൊണ്ട് 280 കുറയാത്ത കവചിത വാഹനങ്ങളുടെ നാശം ഉറപ്പുവരുത്താന്‍ യുക്രെയ്ന്‍ സാധിച്ചതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
300 ഓളം മിസൈലുകളാണ് ഇതിനായി യുക്രെയ്ന്‍ ഉപയോഗിച്ചതെന്നും യു.എസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകനായ ജാക്ക് മര്‍ഫി ലേഖനത്തില്‍ വ്യക്തമാക്കി. ഈ മിസൈലുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 93 ശതമാനം മരണ നിരക്കാണ് ഉണ്ടായത്. പ്രതിരോധ മന്ത്രാലയവും റിതോണ്‍ മിസൈല്‍സും സംയുക്തമായി നിര്‍മ്മിച്ച ജാവലിന്‍ മിസൈല്‍ ഉപയോഗിച്ച് ടാങ്കുകളുടെ മുകള്‍ ഭാഗത്താണ് ആക്രമണം നടത്തിയത്. കൃത്യതയാണ് ഈ മിസൈലിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറയുന്നു.
2018 ലാണ് ജാവലിന്‍ യുക്രെയ്ന്‍ ഇറക്കുമതി ചെയ്യുന്നത്. 75 മില്യണ്‍ ഡോളറിന്റെ കരാറായിരുന്നു യു.എസുമായി യുക്രെയ്ന്‍ ഉണ്ടാക്കിയത്. ആയുധങ്ങള്‍ക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. ഒരു സൈനികന് ഒറ്റക്ക് ജാവലിന്‍ വഹിക്കാന്‍ കഴിയുമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നിലധികം ആളുകളുടെ സഹായം വേണം. യുക്രെയ്ന്‍ സേനയുടെ കൈവശം ജാവലിന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ റഷ്യ ഡോണ്‍ബാസിലെ അക്രമണത്തില്‍ അയവു വരുത്തിയതായാണ് റിപ്പോര്‍ട്ട്. പല മേഖലയില്‍ നിന്നും പിന്നോട്ട് പോയെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മര്‍ഫി ലേഖനത്തില്‍ പറയുന്നത്. റഷ്യയുടെ ടാങ്കുകള്‍ യുക്രെയ്ന്‍ നഗരപ്രദേശങ്ങളില്‍ പ്രവേശിച്ച് നേരിട്ട് ആക്രമണം നടത്തുകയായിരുന്നു. ഇത് മനസ്സിലാക്കി ജാവലിന്‍ ഹിറ്റുകളുമായി യുക്രെയ്ന്‍ സേന പതിയിരുന്നുള്ള ആക്രമണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഇത് റഷ്യന്‍ പട്ടാളത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. റഷ്യന്‍ സൈന്യം ഇരച്ചെത്തിയപ്പോള്‍ നേരിട്ടുള്ള പോരാട്ടത്തിന് യുക്രെയ്ന്‍ സൈന്യം തയ്യാറായിരുന്നില്ല. എന്നാല്‍ ജാവലിന്‍ മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണം ശക്തമാക്കിയിരുന്നു. യുക്രെയന്‍ സൈന്യം നടത്തിയ മിസൈ ല്‍ ആക്രമണത്തില്‍ എത്ര പേ ര്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡയ വഴി യുക്രെയ്ന്‍ അധികൃതര്‍ പുറത്തുവിടുന്ന കണക്കുകള്‍ പക്ഷേ റഷ്യ നിഷേധിക്കുകയുമാണ്. യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടാണെന്നാണ് മര്‍ഫി പറയുന്നത്.