X

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജ് അറസ്റ്റില്‍

മതവിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനെ  തുടര്‍ന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പില്‍ വെച്ചാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലിസാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് 153 എ വകുപ്പ് പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തത്. 295 എ വകുപ്പും ചേര്‍ത്തിട്ടുണ്ട്.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മുസ്‌ലിംകളെ അധിക്ഷേപിച്ചും വാസ്ത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചും പി.സി ജോര്‍ജ്ജ് പ്രസംഗിച്ചത്. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു. മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു. തുടങ്ങി നുണയുടെ ഭാണ്ഡക്കെട്ടാണ് പി.സി ജോര്‍ജ്ജ് പ്രസംഗത്തില്‍ തുറന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

Test User: